പ്രാദേശികമായി വളരെ ഉറച്ചതാണ് തമിഴ്നാടിന്റെ മണ്ണ്. ദേശീയ കക്ഷികളുടെ വേരോട്ടം അവിടെ നിലച്ചിട്ട് ദശാബ്ദങ്ങളായി. അവിടത്തെ രാഷ്ട്രീയ നാണയത്തിന്റെ ഇരുവശവും ദ്രാവിഡ പൊളിറ്റിക്സിന്റെ ചിഹ്നങ്ങൾ മാത്രമാണ് തിളങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ജനങ്ങൾ ടോസ് ചെയ്യുന്ന നാണയം ഒന്നുകിൽ ഡി.എം.കെയായി വീഴും, അല്ലെങ്കിൽ എ.ഐ.എ.ഡി.എം.കെയായി വീഴും. എഴുപതുകളോടെ ശക്തി നഷ്ടപ്പെട്ട കോൺഗ്രസ് അവിടെ പടവലങ്ങ പോലെ താഴോട്ടാണ് ഇപ്പോൾ വളർന്നുകൊണ്ടിരിക്കുന്നത്. ശ്രീരാമന്റെ മുഖത്തിന് പരമപ്രാധാന്യം നൽകുന്ന ബി.ജെ.പിക്ക് ശിവന്റെയും മുരുകന്റെയും ക്ഷേത്രങ്ങളുടെ ആധിക്യമുള്ള തമിഴ്നാട്ടിൽ വളരാൻ വെള്ളവും വളവും കുറവാണ്. ദ്രാവിഡ രാഷ്ട്രീയം എന്നും മുഖങ്ങൾക്കാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. കരുണാനിധി അല്ലെങ്കിൽ എം.ജി.ആർ. ആ കാലഘട്ടത്തിനു ശേഷം അത് ജയലളിത അല്ലെങ്കിൽ കരുണാനിധി എന്നായി മാറി.
അഞ്ച് മാസങ്ങൾക്ക് ശേഷം അവിടെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പൊതുവെ മുഖങ്ങൾ ഇല്ലാത്ത തിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കരുണാനിധി ഇല്ല. ജയലളിതയും. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ ഭിന്നതകളുണ്ട്. പോരാത്തതിന് ശശികല ജനുവരിയിൽ പരപ്പന അഗ്രഹാരയുടെ കനത്ത ബന്തവസ്സുള്ള വാതിലുകൾ തുറന്ന് പുറത്തുവരും. അവരുടെ നീക്കങ്ങളും ഭരണകക്ഷിയെ തിരഞ്ഞെടുപ്പിൽ ക്ഷീണിപ്പിക്കാനേ ഉതകൂ. പളനിസ്വാമി എന്ന ഗൗഡറും പനീർശെൽവം എന്ന തേവറും ആഞ്ഞുപിടിച്ചാലും വലിയ പാടാണ്. പൊതുവെ ഡി.എം.കെയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇതു രണ്ടുമല്ലാതെ ജനങ്ങൾക്ക് മറ്റൊരു ചോയിസില്ല. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് രജനികാന്ത് എന്ന സിനിമയിലെ പടനായകൻ ജനങ്ങളുടെ അംഗീകാരം തേടി ഇതാദ്യമായി ഇറങ്ങുന്നത്. ഇരുവശവും ദ്രാവിഡ ചിഹ്നങ്ങളുള്ള നാണയത്തിനപ്പുറം ഇരുവശവും ഒരേ മുഖമുള്ള ഒരു നാണയം ജനങ്ങൾക്ക് ചോയിസായി ലഭിക്കുകയാണ്. എന്തായിരിക്കും സംഭവിക്കാൻ പോകുക. പതിന്നാല് വർഷമായി പറഞ്ഞുകേൾക്കുന്നതാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഡിസംബർ 31ന് തന്റെ പാർട്ടി പ്രഖ്യാപിക്കുമെന്ന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്റെ മുന്നിൽ തടിച്ചുകൂടിയ ആരാധകരെ ഏറ്റവും ഒടുവിൽ അദ്ദേഹം അറിയിച്ചിരിക്കുകയാണ്.
1996 ലെ ഇലക്ഷൻ ഒഴികെ മറ്റൊരു തിരഞ്ഞെടുപ്പിലും രജനി പരസ്യ പിന്തുണ ആർക്കും നൽകിയിട്ടില്ല. ജയലളിതയിൽ നിന്ന് ഇത്തവണ നാടിനെ രക്ഷിക്കാനായില്ലെങ്കിൽ ദൈവത്തിന് പോലും തമിഴ്നാടിനെ ഇനി രക്ഷിക്കാനാവില്ലെന്നാണ് രജനികാന്ത് അന്ന് പറഞ്ഞത്. അത് ഫലത്തിൽ ഡി.എം.കെയെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചു. ആ സർക്കാരും അഴിമതിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലായിരുന്നു. ജാതിമത മേധാവിത്വങ്ങൾക്ക് എതിരെ തുടങ്ങിയ ദ്രാവിഡ രാഷ്ട്രീയം അണ്ണാ ദുരൈയുടെ കാലത്ത് നിസ്വാർത്ഥതയിൽ അടിയുറച്ചതായിരുന്നു. കാലക്രമത്തിൽ അത് വളർന്ന് വന്നപ്പോൾ രണ്ടായി. പിന്നീട് അഴിമതിയുടെ രണ്ട് വൻ വടവൃക്ഷങ്ങളായി വളർന്നത് രഹസ്യമല്ല. ഈ രാഷ്ട്രീയ സാഹചര്യത്തിൽ രജനികാന്തിന്റെ ആത്മീയ രാഷ്ട്രീയത്തിന് ജനങ്ങൾ അമിത പ്രതീക്ഷ നൽകുക സ്വാഭാവികമാണ്. തമിഴർക്ക് ജീവിതവും സിനിമയും തമ്മിൽ ഒരു തിരശ്ശീലയുടെ വ്യത്യാസമില്ല. അടിമപ്പെൺ, റിക്ഷാക്കാരൻ, ആയിരത്തിൽ ഒരുവൻ തുടങ്ങിയ സിനിമകളിലൂടെയാണ് പാലക്കാട്ടുകാരനായ എം.ജി. രാമചന്ദ്രൻ തമിഴരുടെ ഹൃദയം കവർന്നത്. ബാഷ, പടയപ്പ, ശിവാജി, യന്തിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് രജനികാന്ത് തമിഴ് മക്കളുടെ തലൈവരായത്. ബാഷയാണ് ഏറ്റവും വലിയ സൂപ്പർഹിറ്റ്. ഒരു സ്ത്രീ കഥാപാത്രത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയായിരുന്നു അത്. അത് ജയലളിതക്കെതിരെയുള്ള പോരാട്ടമാണെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അക്കാലങ്ങളിൽ ഉള്ള താരമൂല്യം രജനിക്ക് ഇപ്പോൾ പുലർത്താനാകുന്നില്ല എന്ന് സന്ദേഹിക്കുന്നവരും ഉണ്ട്. വ്യക്തി ജീവിതത്തിൽ കാപട്യമില്ലാത്ത നല്ല മനുഷ്യൻ എന്ന ഇമേജ് രജനീകാന്തിനുണ്ട്. മുഖ്യമന്ത്രിയാകുന്ന രജനികാന്തിനെയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയാകാൻ താനില്ല എന്ന് രജനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലം ആവശ്യപ്പെട്ടാൽ അതിൽ മാറ്റം വരുത്തികൂടായ്കയില്ല. കമലഹാസൻ അടുത്ത സുഹൃത്താണെങ്കിലും അവരുടെ കാഴ്ചപ്പാടുകൾ തമ്മിൽ രാപകൽ വ്യത്യാസമുണ്ട്. വിധിയുടെ ഉപകരണമാണ് മനുഷ്യൻ എന്ന് രജനികാന്ത് വിശ്വസിക്കുമ്പോൾ മനുഷ്യനാണ് അവന്റെ വിധി നിശ്ചയിക്കുന്നത് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് കമലഹാസൻ. അതിനാൽ ഇവർ തമ്മിൽ യോജിച്ച് പോകുമോ എന്നത് കണ്ടറിയേണ്ടതാണ്.
വിജയിക്കുകയാണെങ്കിൽ തികച്ചും അഴിമതി വിമുക്തമായ ഒരു ഭരണത്തിനായിരിക്കും രജനികാന്ത് നേതൃത്വം നൽകുക എന്ന് ന്യായമായും പ്രതീക്ഷിക്കാം. ഇന്ത്യയിൽ തന്നെ അതൊരു പുതിയ തുടക്കത്തിന്റെ നാന്ദിയായിരിക്കും. പന്നിക്കൂട്ടങ്ങൾ ഒന്നിച്ച് വരുമ്പോൾ സിംഹം ഒറ്റയ്ക്കാണ് വരുന്നത് എന്ന് രജനികാന്ത് ശിവാജി എന്ന സിനിമയിൽ പറയുന്നുണ്ട്. സിംഹത്തിന്റെ ആത്മീയ രാഷ്ട്രീയത്തിന്റെ ഗതി എന്താകുമെന്ന് നമുക്ക് കൗതുകപൂർവം വീക്ഷിക്കാം. എന്തായാലും ഒരു കാര്യം ഉറപ്പാണ്. അത്ര പെട്ടെന്ന് തോൽപ്പിക്കാൻ കഴിയുന്ന ഒരു സിംഹമല്ല വരുന്നത്. ഡിസംബർ 12 ന് രജനികാന്തിന് എഴുപത് വയസ് തികയും. അഞ്ചുമാസം കഴിഞ്ഞ് വരുന്ന വനയുദ്ധം ജയിക്കാൻ വിധി നടന് ആയുരാരോഗ്യസൗഖ്യം നൽകുമെന്ന് പ്രതീക്ഷിക്കാം.