ജില്ലയിൽ ശ്രദ്ധേയമായ വിമത പോരാട്ടങ്ങൾ
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ തിളച്ചു മറിയുകയാണ് ചില ഗ്രാമപഞ്ചായത്ത് വാർഡുകളിലെ മത്സരം. പ്രധാന മുന്നണി സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും വിധം ജനസ്വാധീനമുള്ള സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യമാണ് ഇത്തരം വാർഡുകളിലെ തിരഞ്ഞെടുപ്പ് ആവേശകരമാക്കുന്നത്. ആരെ കൊള്ളണം,ആരെ തള്ളണം എന്നതിൽ സമ്മതിദായകരും ഇവിടെ ആശയക്കുഴപ്പത്തിലാണ്.
എൽ.സി സെക്രട്ടറിക്കെതിരെ
മുൻ ബ്രാഞ്ച് സെക്രട്ടറി
വള്ളികുന്നം ഗ്രാമപഞ്ചായത്തിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ മുൻ ബ്രാഞ്ച് സെക്രട്ടറി മത്സരിക്കുന്നത്. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.മോഹൻകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.കറകളഞ്ഞ പാർട്ടി കുടുംബാംഗം. കെ.സുധീഷ് കുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എ സ്ഥാനാർത്ഥിയായി വിജയകുമാറും മത്സരരംഗത്തുണ്ട്.പക്ഷെ ഇവിടെ മത്സരം കൗതുകകരമാക്കുന്നത് കെ.ദാമോദരൻ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയുടെ സാന്നിദ്ധ്യമാണ്.സി.പി.എം കന്നിമേൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ദാമോദരൻ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവച്ചു. തൊട്ടു പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഔദ്യോഗിക വാർത്താകുറിപ്പും വന്നു. എസ്.ഐ ആയി വിരമിച്ച ദാമോദരൻ, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്നു.
ഒരു വോട്ട് എനിക്ക്,
ബാക്കി ഇടതിനും
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാംവാർഡിലെ സ്വതന്ത്ര സ്ഥനാർത്ഥി എം.കെ.സിബുവിന്റെ വോട്ട് അഭ്യർത്ഥനയ്ക് ഒരു പ്രത്യേകതയുണ്ട്. പഞ്ചായത്തിലേക്കുള്ള വോട്ട് തനിക്ക്. ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലേത് ഇടതു പക്ഷത്തിനും. ഇടതു പക്ഷത്തിന് വോട്ടു ചോദിക്കുമെങ്കിലും സിബു മത്സരിക്കുന്നത് പാർട്ടിയോടുള്ള ചെറിയ വാശിയിലാണ്. സി.പി.എം മുൻ ലോക്കൽ കമ്മിറ്രി സെക്രട്ടറിയായിരുന്നു. സ്വതന്ത്രനായി മത്സരത്തിന് ഇറങ്ങിയതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. രണ്ട് തവണ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തെങ്ങുകയറ്റ തൊഴിലാളിയായ സിബുവിന് തൊഴിൽ രംഗം വഴി വാർഡിലെ എല്ലാ വീടുകളുമായും നല്ല അടുപ്പമുണ്ട്. കഴിഞ്ഞ തവണ 550 ലധികം വോട്ടുകൾക്ക് ഇടതുപക്ഷം ജയിച്ച കുത്തക വാർഡിൽ സിബുവിന്റെ സാന്നിദ്ധ്യം പാർട്ടിക്ക് കുടുക്കാവുന്നു. ടി.എസ്.സുധീഷാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബിജുപളനി(യു.ഡി.എഫ്), പി.വി .വിശ്വംഭരൻ (എൻ.ഡി.എ) എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.പട്ടികജാതി സംവരണ വാർഡാണ്. ഇക്കുറി പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പദവി പട്ടികജാതി സംവരണമാണെന്നതാണ് മത്സരത്തിന് മാറ്റു കൂട്ടുന്ന മറ്റൊരു ഘടകം.
കുറ്റ വിമുക്തനായ നേതാവ്
പാർട്ടിക്കെതിരെ
മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലെ മത്സരത്തിനും പ്രത്യേകതയുണ്ട്.പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാവുകയും കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ലതീഷ്.ബി.ചന്ദ്രൻ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നു.മുഖ്യമന്ത്രിയായിരിക്കുമ്പോൾ വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ലതീഷ്. കുട അടയാളത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജെ.ജയലാലാണ് സി.പി.എം സ്ഥാനാർത്ഥി. അനൂർസോമൻ (യു.ഡി.എഫ്), മർഫിമറ്റത്തിൽ(എൻ.ഡി.എ) എന്നിവരാണ് മറ്രു സ്ഥാനാർത്ഥികൾ.
കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക്
എതിരെ ബ്ളോക്ക് സെക്രട്ടറി
മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഓലകെട്ടിയമ്പലം വടക്ക് വാർഡിൽ കോൺഗ്രസുകാരനായ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് പാരയാവുന്നത് കോൺഗ്രസ് നേതാവ് തന്നെ. ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ കെ.റജിയാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ ഔദ്യോഗിക സ്ഥാനാർത്ഥി വിനു.എസ്.നായരാണ്. മുൻ പഞ്ചായത്ത് അംഗം സഹദേവനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.എൻ.ഡി.എ സ്ഥാനാർത്ഥിയായി കെ.എസ്.ബിനീഷ് കൂടിയാവുമ്പോൾ ചതുഷ്കോണ മത്സരത്തിന് കാഠിന്യം ഏറും.