പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 5ന് സമാപിക്കും
ആലപ്പുഴ: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് സമാപിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ, സ്ഥാനാർത്ഥികളും പ്രചാരണവാഹനങ്ങളും ഒരു പോയിന്റിൽ ഒത്തുകൂടിയുള്ള കൊട്ടിക്കലാശം ഇത്തവണ നടത്തരുതെന്ന് ഇന്നലെ കളക്ടറേറ്റിൽ ചേർന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗത്തിൽ കളക്ടർ നിർദ്ദേശിച്ചു.
ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിർദ്ദേശം.സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിനും വോട്ട് ചെയ്ത് തിരികെ വാങ്ങുന്നതിനും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം കളക്ടർ അഭ്യർത്ഥിച്ചു. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ ഉള്ളവർക്കുമാണ് ഇത്തരത്തിൽ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്തിയിട്ടുള്ളത്. പോളിംഗ് ബൂത്തിൽ വൈകിട്ട് ആറിന് ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും ടോക്കൺ നൽകും.പരമാവധി ആളുകളെ പോളിംഗ് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. സുതാര്യവും നിർഭയവുമായി സമ്മതിദാന അവകാശം നിർവഹിക്കുവാനുള്ള അവസരം ഒരുക്കുന്നതിന് എല്ലാ പാർട്ടികളും സഹകരിക്കണമെന്ന് യോഗത്തിൽ കളക്ടർ ആവശ്യപ്പെട്ടു.
കൊവിഡ് ബാധിതർക്കും വോട്ട്
ഇന്നലെ വൈകിട്ട് 3നുള്ളിൽ കൊവിഡ് പോസിറ്റീവ് ആവുകയോ ക്വാറന്റൈൻ നിർദ്ദേശിക്കുകയോ ചെയ്യുന്നവർക്ക് ഡി.എം.ഒ നൽകുന്ന ലിസ്റ്റ് പ്രകാരം സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകി വോട്ട് ചെയ്യാൻ അവസരം ലഭിക്കും. ഈ പട്ടികയിൽപ്പെടുന്നവർക്ക് ബൂത്തിൽ വോട്ട് ചെയ്യാൻ കഴിയില്ല. എന്നാൽ ഇന്നലെ വൈകിട്ട് 3 ന് ശേഷം കൊവിഡ് പോസിറ്റീവ് ആകുന്നവർക്ക് പോളിംഗ് ദിവസം വൈകിട്ട് 5നും 6 നും ഇടയിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാം. സാധാരണ വോട്ടർമാർ എല്ലാവരും വോട്ട് ചെയ്ത് പോയശേഷമാണ് ഇവർക്ക് അവസരം ലഭിക്കുക. പി.പി.ഇ കിറ്റ് ധരിച്ചാണ് വരേണ്ടത്.