ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷക പ്രതിഷേധം ശക്തമാകുന്നതിനിടെ ഹരിയാനയിലെ ബി.ജെ.പി - ജെ.ജെ.പി സഖ്യസർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദമേറുന്നു. സർക്കാരിനെ പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര എം.എൽ.എകൂടി പിന്തുണ പിൻവലിച്ചു. നിലോഖേരി ധരംപാൽ ഗോണ്ടേറാണ് മനോഹർലാൽ ഖട്ടർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. നേരത്തെ
സ്വതന്ത്ര എം.എൽ.എ സോംഭീർ സംഗ്വാൻ പിന്തുണ പിൻവലിച്ചിരുന്നു. സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭുപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കി.
കർഷക പിന്തുണയുള്ള ജെ.ജെ.പിക്ക് കർഷക പ്രതിഷേധം കണ്ടില്ലെന്ന നടിക്കാനാവില്ല. പാർട്ടിയിലെ നിരവധി നേതാക്കൾ പരസ്യമായി തന്നെ കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ജെ.ജെ.പിയുടെ കർണാൽ അദ്ധ്യക്ഷൻ ഇന്ദർജിത് സിംഗ് ഗൊരായ തിക്രി അതിർത്തിയിലെ കർഷക സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി. സമരത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ കലാപമുണ്ടാക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതിലും ജെ.ജെ.പിക്ക് അതൃപ്തിയുണ്ട്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നിഷാൻ സിംഗിന്റെ നേതൃത്വത്തിൽ മൂന്നംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അനിൽ വിജ്ജിനെ കണ്ട് കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുമായുള്ള സഖ്യം പുനഃപരിശോധിക്കാൻ ജെ.ജെ.പിക്കുമേൽ പ്രതിപക്ഷവും കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.
90 അംഗ ഹരിയാന നിയമസഭയിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് കേവലഭൂരിപക്ഷമില്ല. ബി.ജെ.പിക്ക് 40 , സഖ്യകക്ഷിയായ ജെ.ജെ.പിക്ക്10 സീറ്റുമാണുള്ളത്. കോൺഗ്രസിന് 31 എം.എൽ.എമാരുണ്ട്. ഐ.എൻ.എൽ.ഡി, എച്ച്.എൽ.പി എന്നിവർക്ക് ഓരോ സീറ്റ് വീതമുണ്ട്. സ്വതന്ത്രൻമാർ ഏഴ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റ്.
ഇതുകൂടാതെ കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് തങ്ങളുടെ അംഗങ്ങളെല്ലാം രാജിവയ്ക്കുമെന്ന് ജിന്ദിലെ സർപാഞ്ച് അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് സിംഗ് അറിയിച്ചു. മുൻ ഹരിയാന മന്ത്രി ജഗദീഷ് നെഹ്റയുടെ മകൻ സുരേന്ദർ സിംഗ് ബി.ജെ.പി വിടുകയും ചെയ്തു.