സുൽത്താൻ ബത്തേരി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ വയനാട് മെഡിക്കൽ കോളേജ് ആരോപണ പ്രത്യാരോപണങ്ങൾക്കുള്ള മുഖ്യവിഷയമായി. വയനാടിന്റെ സ്വപ്ന പദ്ധതിയായ സർക്കാർ മെഡിക്കൽകോളേജ് ഇടതു സർക്കാർ അട്ടിമറിച്ചുവെന്ന ആരോപണമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉന്നയിച്ചത്. ഇതിന് മറുപടിയായി മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും, മെഡിക്കൽ കോളേജ് വരാതിരിക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്നും എൽ.ഡി.എഫ് കുറ്റപ്പെടുത്തി.
വയനാടിന്റെ പ്രധാന വിഷയങ്ങളായ മെഡിക്കൽ കോളേജും രാത്രി യാത്രാ നിരോധനവും നിലമ്പൂർ- നഞ്ചൻകോട്- വയനാട് റെയിൽവെയും പൂഴിത്തോട് ബദൽ റോഡുമെല്ലാം തിരഞ്ഞെടുപ്പ് ചർച്ചയെ ചൂട് പിടിപ്പിക്കാൻ തുടങ്ങി.
കഴിഞ്ഞ അഞ്ച് വർഷം ഇടതു സർക്കാർ വയനാടിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് യു.ഡി.എഫ് ഉയർത്തുന്ന ആരോപണം. തങ്ങൾ കൊണ്ടുവന്ന പദ്ധതികളെല്ലാം അട്ടിമറിച്ചുവെന്നും ആരോപിക്കുന്നു.
മെഡിക്കൽ കോളേജിന്റെ പേരിൽ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ തറക്കല്ലിടൽ മാത്രമാണ് എന്നാൽ യു.ഡി.എഫ് ഭരണ കാലത്ത് ചെയ്തെന്നാണ് എൽ.ഡി.എഫ് നൽകുന്ന മറുപടി. മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് വിട്ടുനൽകിയ ഭൂമി ഏറ്റെടുത്തിട്ടുപോലുമില്ല. എൽ.ഡി.എഫ് വന്നശേഷമാണ് ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിച്ചത്. ഈ ഭൂമി നിർമ്മാണ പ്രവർത്തിക്ക് അനുയോജ്യമല്ലെന്ന് ഭൗമ പഠന കേന്ദ്രം റിപ്പോർട്ട് നൽകിയതോടെ വേറെ ഭൂമി കണ്ടെത്തേണ്ടി വന്നു. വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച സമിതി റിപ്പോർട്ട് ഈ മാസം 15-നകം സമർപ്പിക്കുമെന്ന് കണ്ടതോടെയാണ് യു.ഡി.എഫ് ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്.
നിലമ്പൂർ- നഞ്ചൻകോട് - വയനാട് റെയിൽവേയുടെയും രാത്രി യാത്രാ നിരോധനത്തിന്റെ കാര്യത്തിലും യു.ഡി.എഫ് സ്വീകരിച്ച നിലപാടിനെയും എൽ.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നു. രാത്രി യാത്ര നിരോധനം വരുമ്പോൾ കേരളത്തിലും കർണാടകയിലും കേന്ദ്രത്തിലും കോൺഗ്രസ് സർക്കാരുകളായിരുന്നു അന്ന് ചെറു വിരൽ അനക്കാത്തവരാണ് ഇപ്പോൾ ആരോപണവുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് എൽഡി.എഫ് പറയുന്നത്. റോഡ് തുറക്കുന്നതിന് ആക്ഷൻ കമ്മറ്റിയുടെ പേരിൽ നടത്തിയ സമരങ്ങളിൽ നിന്ന് പിൻവലിഞ്ഞ് സമരത്തെ തകർക്കാൻ ശ്രമിച്ചത് കോൺഗ്രസാണെന്നും ആരോപിക്കുന്നു.
കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്നതിന് വേണ്ടി വർഷങ്ങൾക്ക് മുമ്പ് അന്നത്തെ മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരനും വീരപ്പമൊയ്ലിയും ചേർന്ന് തറക്കല്ലിട്ട കബനി പാലവും ഇപ്പോൾ ചർച്ചകളിൽ പ്രത്യക്ഷപ്പെട്ടു. വയനാട്ടുകാർക്ക് ഏറെ പ്രയോജനപ്രദവും നടപ്പിലാക്കിയിരുന്നെങ്കിൽ ജില്ലയുടെ മുഖഛായ മാറുന്നതുമായ പദ്ധതികൾ തിരഞ്ഞെടുപ്പിലെ പ്രസംഗവിഷയം മാത്രമാകുന്നിലാണ് ആളുകൾക്ക് നിരാശ.