കോട്ടയം: വേമ്പനാട്ടു കായലിലൂടെ കൊതുമ്പുവള്ളം തുഴഞ്ഞ് സിനിമയിലെത്തിയ ഒറ്റാൽ വാസവന് ജീവിക്കാൻ സംവിധായകൻ ജയരാജ് സമ്മാനിച്ച വള്ളവും വിൽക്കേണ്ടിവന്നു. ദേശീയ അവാർഡ് നേടിയ "ഒറ്റാൽ" സിനിമയിലെ നായകന് സാമ്പത്തിക ബുദ്ധിമുട്ടായപ്പോൾ മറ്റുവഴികളില്ലായിരുന്നു.
ശരീരം ചൊറിഞ്ഞ് തൊലിയിളകുന്ന രോഗത്തിന് ചികിത്സയിലാണ് വാസവൻ. അസുഖം കാരണം മീൻപിടിത്തം മുടങ്ങിയതോടെ നിത്യച്ചെലവിനും മരുന്നിനും കടം വാങ്ങേണ്ടിവന്നു. കടം കൂടിക്കൂടി വന്നപ്പോൾ വീട്ടാൻ 30,000 രൂപയ്ക്ക് വള്ളം വിൽക്കുകയായിരുന്നു.
കടക്കെണിമൂലം കൂട്ടത്തോടെ ജീവനൊടുക്കിയ കുടുംബത്തിൽ ശേഷിച്ച ഒൻപതുകാരൻ കുട്ടപ്പായിയെ കൂടെക്കൂട്ടുന്ന താറാവു കൃഷിക്കാരനെയാണ് സിനിമയിൽ വാസവൻ തന്മയത്വത്തോടെ അവതരിപ്പിച്ചത്. അസുഖം വന്ന് മരണം മുന്നിൽ കണ്ടപ്പോൾ അവൻ വീണ്ടും അനാഥനാകരുതെന്ന് കരുതി മറ്റൊരാൾക്ക് കൈമാറുന്ന വല്യപ്പച്ചായി പക്ഷേ, അറിയുന്നില്ല അവനെക്കൊണ്ടുപോയത് ബാലവേലയ്ക്കാണെന്ന്.
കുമരകം പുളിക്കിയിൽ വാസവൻ വർഷങ്ങളോളം ആനപ്പാപ്പാൻ ആയിരുന്നു. ആ ജോലി ഉപേക്ഷിച്ചാണ് കായലിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. കൈലി ഉടുത്ത്, നീട്ടിപ്പിരിച്ച കൊമ്പൻ മീശയും കഴുത്തിൽ തോർത്തുമായി കായലിൽ വള്ളം തുഴഞ്ഞു പോകുന്ന വാസവനെ യാദൃച്ഛികമായാണ് ജയരാജ്
കണ്ടത്. ആ പച്ച മനുഷ്യനെ ഒറ്റാൽ സിനിമയിലെ നായകനാക്കി. അഭിനയത്തിൽ യാതൊരു മുൻപരിചയവും വാസവനുണ്ടായിരുന്നില്ല. ചിത്രം ബെർലിൻ ചലച്ചിത്രോത്സവത്തിൽ ക്രിസ്റ്റൽ ബെയറും ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരവുമടക്കം അനവധി പുരസ്കാരങ്ങൾ നേടി. പിന്നീട് വാസവനു ചില സിനിമകളിൽ ചെറിയ റോളുകൾ കിട്ടിയെങ്കിലും സാമ്പത്തിക നേട്ടമൊന്നുമുണ്ടായില്ല.
വാസവന്റെ പഴയ വള്ളം ദ്രവിച്ചതോടെയാണ് 'ഒറ്റാൽ' എന്ന പേരിട്ട് ജയരാജ് പുതിയ വള്ളം സമ്മാനിച്ചത്. നാലു വർഷത്തോളം അതിൽ പോയി മീൻ പിടിച്ചാണ് വാസവൻ ജീവിതം നയിച്ചത്. ഗതികേടുകൊണ്ട് ഒടുവിൽ വിൽക്കേണ്ടിവന്നു. വള്ളം വിറ്റതിന്റെ നൊമ്പരം മാറിയിട്ടില്ല. വീടിനടുത്തുള്ള തോട്ടിൽ പഴകിദ്രവിച്ച വള്ളമുണ്ട്. വല്ലപ്പോഴും അതിൽ കയറി വെറുതേ തുഴയനക്കും.
ഭാര്യ രാജമ്മ തൊഴിലുറപ്പിനു പോയി കിട്ടുന്നതാണ് കുടുംബത്തിനിന്ന് ആകെ വരുമാനം. മകൻ ഷാജുലാലിന് ഇലക്ട്രിക് വർക്കുകളറിയാമെങ്കിലും നാട്ടിൽ കൊവിഡ് പടർന്നതോടെ പണിയില്ലാതായി.
''ആരുടെയും കടക്കാരനായി മരിക്കാൻ വയ്യ. അതുകൊണ്ടാണ് വള്ളം വിറ്റത്. ഇനി മകന് വേണ്ടി ഒരു വള്ളം വാങ്ങണം. അവനെയും കൂട്ടി വീണ്ടും മീൻപിടിക്കാൻ പോണം. അവസാനത്തെ ആഗ്രഹമാണ് '' - വാസവൻ