തിരുവനന്തപുരം : കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് നേരിട്ടെത്തിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും എതെങ്കിലും കാരണത്താൽ ഉദ്യോഗസ്ഥർക്ക് വോട്ടറെ നേരിൽക്കാണാൻ കഴിഞ്ഞില്ലെങ്കിൽ തപാൽ വഴി ബാലറ്റ് വീട്ടുമേൽവിലാസത്തിലേക്ക് അയക്കാം. ഇത്തരം സാഹചര്യത്തിൽ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്തുന്നതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഹെൽത്ത് ഓഫീസർമാരെ കൂടി സ്പെഷ്യൽ പോളിംഗ് ഓഫീസർമാരായി നിയോഗിക്കണമന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി.
കൊട്ടിക്കലാശം ഒഴിവാക്കാൻ
പൊലീസ് ഇടപെടൽ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്നഘട്ടത്തിൽ കൊട്ടിക്കലാശം ഒഴിവാക്കുന്നതിന് പൊലീസ് പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. പ്രചാരണത്തിനും റോഡ് ഷോയ്ക്കും പരമാവധി മൂന്നുവാഹനങ്ങളാണ് അനുവദിച്ചിട്ടുള്ളതെന്നും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാകളക്ടമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയ നിർദ്ദേശത്തിൽ പറയുന്നു. ആദ്യഘട്ടതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും.