കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിലെ കരാറുകാരനായ യുണിടാക് ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തു. ഡോളർ കടത്തിയതിനു പിന്നിൽ ഉന്നതരുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
താൻ നൽകിയത് കൈക്കൂലിയല്ലെന്നും ലൈഫ് മിഷൻ പദ്ധതിയുടെ കമ്മിഷനാണെന്നും സന്തോഷ് ഈപ്പൻ മാദ്ധ്യമങ്ങളോടും പറഞ്ഞു.
സന്തോഷ് ഈപ്പൻ കൈക്കൂലിയായി നാലരക്കോടി രൂപ ഡോളറായി നൽകിയെന്ന് സ്വപ്ന നേരത്തെ മൊഴിനൽകിയിരുന്നു. ഈ പണം നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവിയും ഇൗജിപ്ഷ്യൻ പൗരനുമായ ഖാലിദ് വിദേശത്തേക്ക് കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിനുള്ള സഹായം ചെയ്തത് സ്വപ്നയും സരിത്തുമായിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് വിശദമായി അറിയാനാണ് സന്താേഷിനെ കസ്റ്റംസ് ചോദ്യംചെയ്തത്. തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ചില വിവരങ്ങൾ അറിയാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണ് എത്തിയതെന്നും സന്തോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.