കൊച്ചി: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഉൗരാളങ്കൽ സൊസൈറ്റിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ( ഇ.ഡി) അന്വേഷണം തുടങ്ങി. കഴിഞ്ഞ അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം.
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉൗരാളുങ്കൽ സൊസൈറ്റിയിൽ ഇ.ഡി നേരത്തെ പരിശോധന നടത്തിയിരുന്നു. 2018 മുതൽ രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള 80 ലക്ഷം രൂപയുടെ മണ്ണുമാന്തി യന്ത്രമാണ് സൊസൈറ്റി വാടകയ്ക്ക് ഉപയോഗിക്കുന്നത്. കോഴിക്കാേട്, കണ്ണൂർ ജില്ലകളിലായി 13 സ്ഥാപനങ്ങളിൽ രവീന്ദ്രന് ഓഹരിയുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ മാസം പത്തിന് ചോദ്യംചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്.
ഊരാളുങ്കൽ സൊസൈറ്റി രേഖകൾ സമർപ്പിക്കും
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ പണമിടപാട് സംബന്ധിച്ച മുഴുവൻ രേഖകളും നാളെ സമർപ്പിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് രേഖകൾ സമർപ്പിക്കുന്നത്.
ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ പണമിടപാടിന്റെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടിരുന്നു. സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ ഒന്നും മറച്ച് വെക്കാനില്ലെന്ന് അന്ന് സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.