ന്യൂഡൽഹി:ഇന്ത്യൻ കൊവിഡ് പ്രതിരോധ ഔഷധമായ കൊവാക്സിന്റെ പരീക്ഷണ ഡോസ് കുത്തിവച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. അംബാലയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ടിറ്ററിലൂടെ അറിയിച്ചത്.
കഴിഞ്ഞദിവസം ഒരു ചടങ്ങിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ബാബ രാംദേവ് എന്നിവരോടൊപ്പം അനിൽ വിജും പങ്കെടുത്തിരുന്നു.
അതേസമയം മന്ത്രിക്ക് കൊവിഡ് ബാധിച്ചതും കൊവാക്സിൻ പരീക്ഷണവും തമ്മിൽ ബന്ധമില്ലെന്ന് വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക്കും കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
രണ്ട് ഡോസുകളും കുത്തിവച്ച ശേഷമാണ് കൊവാക്സിൻ പ്രതിരോധശക്തി നൽകുന്നതെന്ന് ഭാരത് ബയോടെക് വിശദീകരിച്ചു. അനിൽ വിജിന് ഒരു ഡോസ് മാത്രമേ കുത്തിവച്ചിട്ടുള്ളൂ. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് ആണ് ക്ലിനിക്കൽ പരീക്ഷണത്തിൽ നൽകുന്നത്. രണ്ടാമത്തെ ഡോസ് നൽകി 14 ദിവസത്തിന് ശേഷമാണ് വാക്സിന്റെ ഫലപ്രാപ്തി നിർണയിക്കുക.
രണ്ടു ഡോസുകളും കുത്തിവച്ച് നിശ്ചിത സമയം കഴിഞ്ഞാലേ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെടുകയുള്ളൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
നവംബർ 20നാണ് മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ അനിൽ വിജിന് അംബാല സിവിൽ ആശുപത്രിയിൽ ആദ്യ ഡോസ് കുത്തിവച്ചത്. രാജ്യത്ത് കൊവാക്സിൻ പരീക്ഷണാർത്ഥം കുത്തിവച്ച ആദ്യ മന്ത്രിയാണ് അനിൽ വിജ്. റോത്തക് പി.ജി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ ഡോ. ഒ.പി കൽറ ഉൾപ്പെടെ 400ലധികം പേർ ഹരിയാനയിൽ വാക്സിൻ പരീക്ഷണത്തിന് വിധേയമായിട്ടുണ്ട്.
ഐ.സി.എം.ആറുമായി ചേർന്നാണ് ഹൈദരാബാദിലെ ഭാരത് ബയോടെക് കൊവാക്സിൻ വികസിപ്പിച്ചത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളും ഫലപ്രദമായിരുന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു. അന്തിമ പരീക്ഷണം 25 കേന്ദ്രങ്ങളിലായി 26,000 പേരിലാണ് നടക്കുന്നത്.