കൊച്ചി: സൂപ്പർഹിറ്റ് സിനിമയുടെ 275-ാം ദിവസത്തെ വിജയമാഘോഷിക്കുന്ന ലഹരിയിലാണ് നടൻ മമ്മൂട്ടിയുടെ നഗരയാത്ര സോഷ്യൽമീഡിയയിൽ ഹിറ്റായത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഒമ്പതുമാസത്തിലേറെയായി വീട്ടിൽ ക്വാറന്റൈനിലായിരുന്ന സൂപ്പർതാരം വെള്ളിയാഴ്ച വൈകിട്ടാണ് കൊച്ചി നഗരത്തിലൂടെ കാറോടിച്ചത്.
കലൂർ സ്റ്റേഡിയത്തിനു സമീപത്തെ തട്ടുകടയിൽനിന്ന് ആവിപറക്കുന്ന സുലൈമാനി കുടിക്കുന്ന മമ്മൂക്കയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണെത്തിയത്. എറണാകുളം എം.ജി റോഡിൽനിന്ന് മറൈൻഡ്രൈവിലേക്കും അവിടെനിന്ന് കണ്ടെയ്നർ റോഡിലേക്കും കാറോടിച്ചുപോയ മമ്മൂട്ടി പിന്നീട് കലൂർ സ്റ്റേഡിയത്തിനടുത്തെത്തിയാണ് സുലൈമാനി കുടിച്ചത്. നടനും സംവിധായകനുമായ രമേഷ് പിഷാരടി, നിർമ്മാതാവ് ആന്റോ ജോസഫ്, ബാദുഷ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
മംമ്ത പറഞ്ഞത്
മമ്മൂക്ക ക്വാറന്റൈനിൽ നിന്ന് പുറത്തിറങ്ങുന്നതോടെ ബിലാൽ എന്ന ബിഗ്ബി രണ്ട് സിനിമ തുടങ്ങുമെന്ന് ആദ്യം പറഞ്ഞത് നടി മംമ്ത മോഹൻദാസാണ്. മമ്മൂട്ടി പുറത്തിറങ്ങിയതോടെ ആരാധകരും സിനിമാപ്രേമികളും സോഷ്യൽ മീഡിയയിൽ ചർച്ചചെയ്തതും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ്. നേരത്തെ ദൃശ്യം 2വിലൂടെ സൂപ്പർതാരം മോഹൻലാൽ ഷൂട്ടിംഗ് തിരക്കിലേക്ക് മടങ്ങിയെത്തിയിരുന്നു.
വീട്ടിലൊതുങ്ങിയത് മാർച്ചിൽ
'ദി പ്രീസ്റ്റ്" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനുശേഷം മാർച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലേക്ക് മടങ്ങിയത്. മാർച്ച് അവസാനം ലോക്ക് ഡൗണായതോടെ വീട്ടിൽത്തന്നെ കൂടി. ആഗസ്റ്റ് 16ന് വർക്ക് ഒൗട്ടിനുശേഷം വീട്ടിലെ ജിംനേഷ്യത്തിൽ നിന്നെടുത്ത ചിത്രം മമ്മൂക്ക പങ്കുവച്ചപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.