കൊല്ലം: അലക്കിത്തേച്ച് വടിപോലെയാക്കിയ ഷർട്ടും മുണ്ടും പുത്തൻ ചെരിപ്പുമൊക്കെ ധരിച്ച് വോട്ടർമാരുടെ മനസിൽ കയറിപറ്റാൻ ശ്രമിക്കുകയാണ് പല സ്ഥാനാർത്ഥികളും. പക്ഷെ പൂതക്കുളം പതിമൂന്നാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജു.ഡി പൂതക്കുളം ചെരിപ്പിടാതെ നടന്നാണ് വോട്ട് പിടിക്കുന്നത്.
ഇത് വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനൊന്നുമല്ല, രാജു പണ്ടേ ചെരിപ്പിടാറില്ല. കുട്ടിക്കാലത്ത് എങ്ങനെയെങ്കിലുമാണ് അരവയർ നിറച്ചിരുന്നത്. പുസ്തകങ്ങൾ വാങ്ങാൻ പണം തികയില്ല. പിന്നെങ്ങനെ ചെരുപ്പ് വാങ്ങും. അങ്ങനെ ചെരുപ്പില്ലാതെ നടന്ന് ശീലിച്ചു. ഇപ്പോൾ വയസ് 53 ആയി. ഇതിനിടയിൽ പാർട്ടി ജാഥകളുടെ ഭാഗമായി കൊടുംവെയിലിൽ ചുട്ടുപഴുത്ത റോഡുകളിലൂടെ പലതവണ മണിക്കൂറുകളോളം സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ രാത്രിവരെ വീടുകൾ കയറിയിറങ്ങിയിട്ടും പാദങ്ങൾ തളരുന്നില്ല.
2005 മുതൽ 10 വരെ പൂതക്കുളം പഞ്ചായത്ത് അംഗമായിരുന്നു രാജു. ഇത് രണ്ടാം തവണയാണ് മത്സരിക്കുന്നത്. എ.ഐ.വൈ.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പിന്നീട് എ.ഐ.വൈ.എഫിന്റെ ജില്ലാ നേതാവായി. ഇപ്പോൾ സി.പി.ഐ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അംഗമാണ്. ഇപ്റ്റ ജില്ലാ കമ്മിറ്റി അംഗം, പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ചുവരെഴുത്ത് കലാകാരൻ കൂടിയാണ് രാജു.
നേരത്തെ തൊഴിൽ എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും ചുവരെഴുതാൻ പോകുമായിരുന്നു. 2005ൽ സ്ഥാനാർത്ഥിയായ ശേഷമാണ് മറ്റ് പാർട്ടികൾക്ക് വേണ്ടിയുള്ള എഴുത്ത് നിറുത്തിയത്. രാത്രി വൈകി വോട്ട് പിടുത്തം കഴിഞ്ഞ ശേഷം രാജു പുലർച്ചെ വരെ ഇപ്പോഴും ചുവരെഴുതുന്നുണ്ട്. സ്വന്തം വിജയത്തിനും മറ്റ് ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കുമായി.