കാൻബെറ : ആദ്യ ട്വന്റി-20യിൽ ബാറ്റിംഗിനിടെ തലയ്ക്ക് ഏറുകൊണ്ട രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ബൗളിംഗിൽ യുസ്വേന്ദ്ര ചഹലിനെ ഇറക്കിയതിൽ പരിഭവവുമായി ആസ്ട്രേലിയൻ ടീം. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം അനുസരിച്ചാണ് ഇന്ത്യ ചഹലിനെ കളിപ്പിച്ചത്.നിനച്ചിരിക്കാതെ കിട്ടിയ അവസരം മുതലാക്കിയ ചഹൽ നാലോവറിൽ മൂന്ന് വിക്കറ്റ് മാത്രം വഴങ്ങി ഇന്ത്യയെ വിജയിപ്പിക്കുകയും മാൻ ഒഫ് ദ മാച്ചാവുകയും ചെയ്തു.ഇതോടെയാണ് ഇന്ത്യ കൺകഷൻ നിയമം തങ്ങൾക്ക് അനുകൂലമായി ഉപയോഗിച്ചു എന്ന് ആസ്ട്രേലിയൻ മാദ്ധ്യമങ്ങളും ചില മുൻതാരങ്ങളും ആരോപിച്ചത്.
കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ
ബാറ്റ് ചെയ്യുന്നതിനിടെ തലയിൽ പന്തുകൊണ്ട് പരുക്കേറ്റാൽ മറ്റൊരു താരത്തെ പകരക്കാരനായി ഇറക്കുന്ന നിയമത്തെയാണു കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ എന്നു വിളിക്കുന്നത്. പകരക്കാരനായിറക്കുന്നകളിക്കാരന് ബാറ്റിംഗും ബോളിംഗും ചെയ്യാം
റൂൾ 1.8.2.1
അനുസരിച്ച് പകരക്കാരനായി ഇറങ്ങുന്ന കളിക്കാരൻ പരിക്കേൽക്കുന്ന കളിക്കാരന്റെ അതേ നിലവാരത്തിലോ സാമ്യതയുള്ള പ്ളേയിംഗ് റോളിലോ ആയിരിക്കണമെന്ന് മാച്ച് റഫറിക്ക് നിഷ്കർഷിക്കാം.
ഉദാഹരണത്തിന് ഒരു മികച്ച ബാറ്റ്സ്മാന് പരിക്കേറ്റാൽ ബൗളിംഗ് സമയത്ത് മികച്ച ബൗളറെ പകരക്കാരനാക്കാനാവില്ല.
റൂൾ 1.8.2.2
അനുസരിച്ച് പകരക്കാരനായിറങ്ങുന്ന കളിക്കാരന് ടീമിന് അധികപ്രയോജനം നൽകുന്നെങ്കിൽ മാച്ച് റഫറിക്ക് ഇടപെട്ട് അയാളുടെ പ്ളേയിംഗ് റോളിൽ അനുയോജ്യമായ നിയന്ത്രണം കൊണ്ടുവരാം.
പരിക്കിന്റെ പ്രോട്ടോക്കോൾ അനുവദിച്ച് പരിക്കേറ്റ കളിക്കാരൻ ഒരാഴ്ചത്തേക്ക് വിശ്രമിച്ച് മറ്റ് പ്രശ്ങ്ങൾ ഇല്ലെന്ന് ഉറപ്പിച്ചശേഷമേ കളിക്കളത്തിലേക്ക് തിരിച്ചുവരാവൂ.
. 2014 നവംബറിൽ ആഭ്യന്തര മത്സരത്തിലെ ബാറ്റിങ്ങിനിടെ തലയിൽ പന്തുകൊണ്ട് ഓസീസ് താരം ഫിൽ ഹ്യൂസ് മരിച്ചതിനുശേഷമാണു പരുക്കേൽക്കുന്ന ബാറ്റ്സ്മാൻമാർക്കു പകരക്കാരെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ഐ.സി.സി ഗൗരവമായി പരിഗണിച്ചു തുടങ്ങിയത്.
ജഡേജയ്ക്ക് സംഭവിച്ചത്
23 പന്തുകളിൽ 44 റൺസടിച്ചുകൂട്ടിയ ജഡേജയ്ക്ക് 19-ാം ഓവറിൽ മൂന്നാം പന്തിന് ശേഷം പേശിവലിവ് അനുഭവപ്പെട്ടിരുന്നു. തുടർന്ന് ടീം ഫിസിയോ ഗ്രൗണ്ടിലെത്തി പരിശോധിക്കുകയും ചെ്തു. ഈ ഓവറിൽ 19 റൺസാണ് ഹേസൽവുഡിനെതിരെ നേടിയത്. അടുത്തഓവറിലാണ് സ്റ്റാർക്കിന്റെ പന്ത് ഹെൽമറ്റിൽ പതിച്ചത്. അപ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കാതിരുന്ന ജഡേജ ഇന്നിംഗ്സ് പൂർത്തിയാക്കി ഡ്രെസിംഗ് റൂമിൽ മടങ്ങിയെത്തിശേഷമാണ് തലയ്ക്ക് ആഘാതമുള്ളതായി അറിയിക്കുന്നത്. തുടർന്ന് മെഡിക്കൽ സംഘം പരിശോധിച്ച് കളിക്കാൻ കഴിയില്ലെന്ന് വിധിക്കുകയായിരുന്നു. തുടർന്ന് മാച്ച് റഫറി ഡേവിഡ് ബൂണുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിന് വഴിതേടുകയായിരുന്നു.
ലാംഗറുടെ കലഹം
തലയ്ക്ക് ഏറു കൊള്ളുന്നതിനു മുൻപുതന്നെ പരുക്കുണ്ടായിരുന്ന ജഡേജയ്ക്ക് പകരക്കാരനെ അനുവദിച്ചതാണ് ആസ്ട്രേലിയയ്ക്ക് അതൃപ്തിയായത്. ഇക്കാര്യം ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ മാച്ച് റഫറി ഡേവിഡ് ബൂണിനെ അറിയിക്കുകയും ചെയ്തു. ജഡേജയുടെ ഹെൽമറ്റിൽ പന്തുകൊണ്ട സമയത്ത് അദ്ദേഹം അസ്വസ്ഥതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അപ്പോൾ പരിശോധിക്കാൻ ഡോക്ടർമാരും വന്നില്ല. ഇതും ലാംഗറിൽ സംശയം ജനിപ്പിച്ചു. ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ സാക്ഷിനിർത്തിയാണ് മാച്ച് റഫറിയുടെ തീരുമാനത്തെ ലാംഗർ ചോദ്യം ചെയ്തത്. അതേസമയം, മത്സരശേഷം ഇക്കാര്യത്തിൽ ഇനിയൊരു വിവാദത്തിനില്ല എന്ന നിലപാടാണ് ഫിഞ്ച് കൈക്കൊണ്ടത്.
ചഹലിനെ കളിപ്പിക്കാൻ യാതൊരു പ്ളാനുമില്ലായിരുന്നു. കൺകഷൻ സബ്സ്റ്റിറ്റ്യൂഷനെക്കുറിച്ച് ചിന്തിച്ചിരുന്നേയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അത് നമുക്ക് അനുകൂലമായി വന്നു എന്നുമാത്രം
- വിരാട് കൊഹ്ലി
ഡ്രസിംഗ് റൂമിൽ തിരിച്ചെത്തിയ ജഡേജ ക്ഷീണം പ്രകടിപ്പിച്ചിരുന്നു.അതുകൊണ്ടാണ് സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കിയത്.
- സഞ്ജു സാംസൺ
ജഡേജയ്ക്ക് കളിക്കാനാകില്ലെന്ന് വ്യക്തമാക്കിയത് ഡോക്ടറാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തെ ചോദ്യം ചെയ്യാനില്ല
– ആരോൺ ഫിഞ്ച്
ജഡേജയുടെ തലയിൽ പന്തുകൊണ്ടപ്പോൾ വൈദ്യസംഘം പരിശോധിക്കാൻ എത്തിയില്ല.കാലിന് പരിക്കുള്ളതായി നേരത്തേ തോന്നിയിരുന്നു. ആ പരിക്ക് ഹെൽമറ്റിൽ പന്തുകൊണ്ടപ്പോൾ തലയിലേക്ക് മാറ്റി കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം നന്നായി ഉപയോഗിച്ചോ എന്നൊരു സംശയം
- മൈക്കേൽ വോഗൻ ,
ഇംഗ്ളണ്ട് മുൻ ക്യാപ്ടൻ