ഈ സീസൺ ഐ.എസ്.എല്ലിലെ ആദ്യ വിജയം തേടി കേരള ബ്ളാസ്റ്റേഴ്സും എഫ്.സി ഗോവയും ഇന്ന് നേർക്കുനേർ
ഇന്നത്തെ ആദ്യ മത്സരത്തിൽ മുംബയ് സിറ്റി ഒഡിഷ സിറ്റിയെ നേരിടും
മഡ്ഗാവ് : പുതിയ സീസണിലെ ആദ്യ മൂന്ന് കളികളിലും വിജയം നേടാൻ കഴിയാതിരുന്ന കേരള ബ്ളാസ്റ്റേഴ്സും എഫ്.സി ഗോവയും ഇന്ന് നേർക്കുനേർ. മഡ്ഗാവിലെ ഫത്തോർദ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് വമ്പന്മാർ കൊമ്പുകോർക്കുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുംബയ് സിറ്റി ഒഡിഷ സിറ്റിയെ നേരിടും. വൈകിട്ട് അഞ്ചര മുതലാണ് ബംബോലിമിൽ മത്സരം.
പുതിയ പരിശീലകനു കീഴിൽ വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ബ്ളാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു. തുടർന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ചെന്നൈയിൻ എഫ്.സിയോടും സമനില വഴങ്ങി. നോർത്ത് ഈസ്റ്റിനോട് രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു സമനില. ചെന്നൈയിനാകട്ടെ ഗോളടിക്കാൻ അനുവദിച്ചുമില്ല. അവർ ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു.
കാണികളുടെ അകമ്പടിയില്ലെങ്കിലും സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയിക്കാനുള്ള ഉൗർജം ഇതുവരെ ഗോവൻ നിരയിലുമുണ്ടായിരുന്നില്ല.ആദ്യ മത്സരത്തിൽ ബെംഗളുരു എഫ്.സിയോട് രണ്ടുഗോളടിച്ച് സമനില വഴങ്ങിയ അവർ രണ്ടാം മത്സരത്തിൽ മുംബയ് സിറ്റിയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽക്കുകയായിരുന്നു.കഴിഞ്ഞ വാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 1-1നാണ് സമനിലയിൽ തളച്ചത്.
പുതിയ താരങ്ങൾ സെറ്റായി വരാനുള്ള താമസമാണ് ബ്ളാസ്റ്റേഴ്സ് നേരിടുന്നത് എന്നാണ് കോച്ച് കിബു വികുന പറയുന്നത്. ഗാരി ഹൂപ്പർ,സെത്യസെൻ,നവോറെം എന്നിവരടങ്ങിയ മുൻ നിരയെയാണ് കഴിഞ്ഞ മത്സരത്തിൽ കിബു വിന്യസിച്ചത്.സിഡോഞ്ചയും ഫകുൻഡോ പെരേരയും രോഹിത് കുമാറുമായിരുന്നു മദ്ധ്യനിരയിൽ. എന്നാൽ നിഷുകുമാറും ബകാരി കോനെയും നമ്യുനേഷുവും മീത്തേയ്യും നേതൃത്വം നൽകിയ പ്രതിരോധം മാത്രമാണ് പ്രതീക്ഷയ്ക്ക് ഒത്ത് പ്രവർത്തിച്ചത്. കഴിഞ്ഞ കളിയിൽ മഞ്ഞക്കാർഡ് കണ്ടിരുന്ന ക്യാപ്ടൻ സിഡോഞ്ച ഇന്ന് കളിച്ചേക്കില്ല.
മോശമല്ലാത്ത താരനിരയുമായാണ് ഗോവയും പടയ്ക്കിറങ്ങുന്നത്.തുടർകാർഡുകളുടെ വിലക്കുള്ള മിഡ്ഫീൽഡർ ആൽബർട്ടോ നോഗ്യുവേറ ഇന്ന് കളിക്കാനുണ്ടാവില്ല.ഇഗോർ അംഗുലോ,ബ്രാൻഡൺ ഫെർണാണ്ടസ്,ലെന്നി റോഡ്രിഗസ്,എഡു ബേഡിയ തുടങ്ങിയ വമ്പന്മാർ അണിനിരക്കുന്നതാണ് ഗോവൻ നിര.
രണ്ട് പോയിന്റ് വീതമുള്ള ഗോവയും ബ്ളാസ്റ്റേഴ്സും യഥാക്രമം എട്ടും ഒൻപതും സ്ഥാനങ്ങളിലാണ്.ഒൻപത് പോയിന്റുള്ള എ.ടി.കെ മോഹൻ ബഗാനാണ് ഒന്നാം സ്ഥാനത്ത്.
12
തവണയാണ് ഇതുവരെ ബ്ളാസ്റ്റേഴ്സും ഗോവയും ഏറ്റുമുട്ടിയത്. ഇതിൽ എട്ട് കളികൾ ജയിച്ചത് ഗോവ.ബ്ളാസ്റ്റേഴ്സിന് മൂന്ന് ജയം.
6
ബ്ളാസ്റ്റേഴ്സിനെതാരയ കഴിഞ്ഞ ആറ് മത്സരങ്ങളിലും ജയിച്ചത് ഗോവ.
4
ഗോളുകളാണ് സീസണിൽ ഇതുവരെ ഗോവ നേടിയത്. ഇതുനാലും സെറ്റ് പീസുകളിലൂടെയായിരുന്നു. ബ്ളാസ്റ്റേഴ്സ് മൂന്ന് ഗോളുകൾ നേടി. ഇതിൽ രണ്ടെണ്ണം സെറ്റ് പീസുകളിലൂടെ.
സമാനശൈലിയിലാണ് ഞങ്ങളും അവരും കളിക്കുന്നത്. കൂടുതൽ നേരം പന്ത് കൈക്കലാക്കുന്നവർക്ക് വിജയിക്കാനാകും.
- കിബു വികുന
ബ്ളാസ്റ്റേഴ്സ് കോച്ച്