ക്രൈസ്റ്റ് ചർച്ച് : അതിവേഗ സെഞ്ച്വറിയുടെ റെക്കാഡുമായി വരവറിയിക്കുകയും പിന്നീട് പരിക്കുകളാൽ വലയുകയും ചെയ്ത ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിലെ ആൾറൗണ്ടർ കൊറേ ആൻഡേഴ്സൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
13ടെസ്റ്റുകളും 49 ഏകദിനങ്ങളും 31 ട്വന്റി-20കളും കളിച്ചിട്ടുള്ള 29കാരനായ ആൻഡേഴ്സൺ രണ്ട് വർഷമായി കിവീസ് ടീമിന് പുറത്തായിരുന്നു. 93 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും 10 അർദ്ധസെഞ്ച്വറികളുമടക്കം 2277 റൺസ് നേടിയിട്ടുണ്ട്. 90 വിക്കറ്റുകളും സ്വന്തമാക്കി.
2014 ജനുവരി ഒന്നിന് വിൻഡീസിനെതിരെ 36 പന്തുകളിൽ സെഞ്ച്വറി നേടിയത് അന്നത്തെ റെക്കാഡായിരുന്നു. പിന്നീട് വിൻഡീസിനെതിരെതന്നെ 31 പന്തുകളിൽ സെഞ്ച്വറി നേടി എ.ബി ഡിവില്ലിയേഴ്സാണ് ഈ റെക്കാഡ് തകർത്തത്.
ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ്,ഡൽഹി ഡെയർഡെവിൾസ്,ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ന്യൂസിലാൻഡ് റണ്ണേഴ്സ് അപ്പായ 2015 ലോകകപ്പിൽ ടീമിലുണ്ടായിരുന്നു.
അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചെങ്കിലും മൂന്ന് വർഷത്തേക്ക് അമേരിക്കൻ മേജർ ക്രിക്കറ്റ് ലീഗുമായി കരാർ ഒപ്പിട്ട ആൻഡേഴ്സൺ ക്ളബ് ക്രിക്കറ്റ് രംഗത്ത് തുടരും.