കൊൽക്കത്ത: ഗോകുലം കേരള എഫ് .സി ഐ എഫ് എ ഷീൽഡിലെ ആദ്യ മത്സരത്തിൽ ഇന്ന് യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെ നേരിടും. ഉച്ചയ്ക്ക് 1.30 നു കല്യാണി സ്റ്റേഡിയത്തിൽ ആണ് മത്സരം .
123 വർഷം പഴക്കമുള്ള ഐ.എഫ്. എ ഷീൽഡ് കേരളത്തിൽ നിന്നുമുള്ള ഒരു ക്ലബും ഇതു വരെ വിജയിച്ചിട്ടില്ല. 1997 ഇൽ ഫൈനലിൽ എത്തിയ എഫ് സി കൊച്ചിന്റേതാണ് കേരള ക്ലബ്ബുകളുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം .
കഴിഞ്ഞ വർഷം ഗോകുലം ചരിത്രപ്രധാനമായ ഡ്യൂറൻഡ് കപ്പ് വിജയിച്ചിരുന്നു.
ഇറ്റലിക്കാരൻ വിൻസെൻസോ ആൽബർട്ടോ അനീസ് ആണ് ഗോകുലത്തിന്റെ ഈ സീസണിലെ പരിശീലകൻ.
അദ്ദേഹത്തിന്റെ കീഴിൽ കോഴിക്കോട് നടന്ന പ്രീ-സീസൺ ക്യാമ്പിൽ നിന്നും തെരഞ്ഞെടുത്ത ടീമാണ് കൊൽക്കത്തയിൽ ഡിസംബർ 2 ന് എത്തിയത്.
"നമ്മുടെ ഈ സീസണിലെ ആദ്യ മത്സരം ആണ് ഇത്. ഞങ്ങൾ പരമാവധി തയാറെടുത്തിട്ടുണ്ട്. ഐ എഫ് എ ഷീൽഡ് ജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," ഗോകുലം മുഖ്യ പരിശീലകൻ വിൻസെൻസോ പറഞ്ഞു.
ഐ എഫ് എ ഷീൽഡ് കഴിഞ്ഞാൽ ടീം കൊൽക്കത്തയിൽ ഐ ലീഗിനായി തുടരും. ഐ എഫ് എ ഷീൽഡിനു 24 അംഗ സ്ക്വാഡ് ആണ് ഗോകുലം രജിസ്റ്റർ ചെയ്തത്. ഐ എഫ് എ ഷീൽഡിന് മൂന്നു വിദേശ താരങ്ങളെ മാത്രമേ ഉൾപെടുത്താൻ കഴിയുകയുള്ളു. അതുകൊണ്ടു അഫ്ഘാൻ താരം മുഹമ്മദ് ഷെരീഫിനെ ടീമിൽ ഉൾപ്പെടുത്തിയില്ല.