കൊല്ലം: കൊവിഡ് കാലത്തെ ആദ്യ വോട്ടെടുപ്പാണ് ചൊവ്വാഴ്ച നടക്കുക. ഈ തിരഞ്ഞെടുപ്പിൽ വോട്ടെന്ന നമ്മുടെ അവകാശം, നമ്മുടെ സമ്മതം പാഴാകാതെ അർത്ഥവത്താകണമെന്നാണ് കൊല്ലംകാരന് പറയാനുള്ളത്.
പാർട്ടികളും മുന്നണികളും നമ്മുടെ മുന്നിലുണ്ട്, ആശയപരമായ വ്യത്യാസങ്ങളുമുണ്ട്. കടുത്ത പാർട്ടിക്കാരുണ്ട്, കടുപ്പമില്ലാത്ത അനുഭാവികളുമുണ്ട്. എന്നാൽ എപ്പോഴും തിരഞ്ഞെടുപ്പ് വിജയം തീരുമാനിക്കുക ഒരു പക്ഷത്തും ചായ്വില്ലാത്തവരാണ്. നിഷ്പക്ഷർ എന്ന് വിളിക്കപ്പെടുന്ന അവർ ഓരോ സമയത്തും ഓരോ പക്ഷത്തായിരിക്കും. അതുകൊണ്ടാണല്ലോ മുന്നണികളും സ്ഥാനാർത്ഥികളും മാറി മാറി വിജയിക്കുന്നത്. സംഭവങ്ങളും കാഴ്ചപ്പാടുകളും പുതിയ ചിന്തയും ഉടലെടുക്കുമ്പോഴാണ് മാറി ചിന്തിക്കുക, ആ ചിന്തയാണ് വോട്ടായി മാറുന്നത്. ആ വോട്ട് ചിലപ്പോൾ ഒരു പ്രതിഷേധമാവാം, നിഷേധമാവാം. ചിലപ്പോൾ ആ വോട്ടൊരു ശരിക്കാവാം, നിലപാടിനുമാവാം.
നിഷ്പക്ഷരുടെ വോട്ട് കിട്ടുന്നവർ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. നമ്മൾ വോട്ട് കുത്തുന്നവർ മാത്രം ജയിക്കണമെന്ന് വാശിപിടിക്കാൻ പാടില്ലല്ലോ. വിജയിച്ചാലും ഇല്ലെങ്കിലും വോട്ട് എപ്പോഴും ശരി പക്ഷത്താകണം. അപ്പോൾ സമ്മതിദാനാവകാശം മൂല്യമില്ലാതെ പോവില്ല. വോട്ടെന്ന അവകാശം മൂല്യവത്തായി വിനിയോഗിക്കുമ്പോൾ ലഭിക്കുക നല്ല ഭരണകർത്താക്കളെയായിരിക്കും. തീരുമാനം വോട്ടറുടേതാണ്.
സമ്മതമാണ് നാം വോട്ടായി ദാനം ചെയ്യുന്നത്. അതിനാൽ പ്രലോഭനങ്ങളല്ല, ശരിയുടെ പക്ഷമാകണം നിഷ്പക്ഷന്റെ വോട്ടിന്റെ കാതൽ. ഇക്കുറി പക്ഷമേത് പിടിച്ചാലും വോട്ട് ശരിപക്ഷത്തിന് തന്നെയാകട്ടേയെന്ന് പ്രത്യാശിക്കാം. വോട്ടെന്ന അവകാശം അർത്ഥവത്തായി വിനിയോഗിക്കാം.