തൃശൂർ : തൃശൂർ കോർപറേഷൻ വീഥികളെ ആവേശക്കടലാക്കി സുരേഷ് ഗോപിയുടെ തുറന്ന വാഹനത്തിലെ റോഡ് ഷോ. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വെള്ളിത്തിരയിലെ ഗർജ്ജിക്കുന്ന സിംഹം സുരേഷ് ഗോപി തൃശൂരിലെത്തിയത്.
തുറന്ന വാഹനത്തിൽ ആളുകൾക്ക് മുമ്പിലെത്തി വോട്ടഭ്യർത്ഥന നടത്തുന്ന സുരേഷ് ഗോപിയെ തൊട്ടും തലോടിയും കുട്ടികളും മുതിർന്നവരും താരാരാധന പങ്കുവെച്ചു. ഇന്നലെ വൈകീട്ട് 4 ന് ആരംഭിച്ച റോഡ് ഷോ വൈകീട്ട് ആറോടെയാണ് പൂർത്തിയായത്. ചേറ്റുപുഴയിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, രഘുനാഥ് സി. മേനോൻ എന്നിവരുമുണ്ടായിരുന്നു. ഓരോ ഡിവിഷനിലെയും സ്ഥാനാർത്ഥികളും റോഡ് ഷോയിൽ അണിനിരന്നു.
നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും തൃശൂരിന്റെ വികസന സ്വപ്നങ്ങളും പങ്കുവെച്ചുള്ള സുരേഷ് ഗോപിയുടെ ചെറിയപ്രസംഗം കൈയടികളോടെ ആളുകൾ സ്വീകരിച്ചു. ഒളരി, പൂങ്കുന്നം, പാട്ടുരാക്കൽ, പള്ളിമൂല, കിഴക്കേക്കോട്ട എന്നിവിടങ്ങളിലായിരുന്നു റോഡ് ഷോയുടെ ഭാഗമായുള്ള പ്രസംഗങ്ങൾ. ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് നെല്ലങ്കരയിൽ നിന്നാരംഭിക്കുന്ന റോഡ് ഷോ തേക്കിൻകാട്ടിൽ സമാപിക്കും. വിവിധ നിയോജക മണ്ഡലങ്ങളിലെ കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു. രാവിലെ 11ന് ചേലക്കര പാഞ്ഞാളിലായിരുന്നു ആദ്യ യോഗം.
തുഷാർ വെള്ളാപ്പള്ളി ഇന്ന് തൃശൂരിൽ
തൃശൂർ: ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇന്ന് ജില്ലയിലെ വിവിധ എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കും. വിവിധ മണ്ഡലങ്ങളിൽ വോട്ടഭ്യർത്ഥിച്ച് അദ്ദേഹം പര്യടനവും നടത്തും.
രാവിലെ 10 ന് ചാലക്കുടി ശ്രീനാരായണ ഹാളിൽ നടക്കുന്ന മണ്ഡലം കൺവെൻഷനിലും 11 ന് പുതുക്കാട് മണ്ഡലത്തിന്റെ പാലക്ക്പറമ്പ് ജംഗ്ഷനിൽ നടക്കുന്ന കൺവെൻഷനിലും തുഷാർ പങ്കെടുക്കും. 12 ന് ചിറക്കേക്കാട് നടക്കുന്ന ഒല്ലൂർ മണ്ഡലം കൺവെൻഷനിലും ഒന്നിന് പുത്തിശ്ശേരി ജംഗ്ഷനിൽ നടക്കുന്ന വടക്കാഞ്ചേരി മണ്ഡലം കൺവെൻഷനിലും അദ്ദേഹം പങ്കെടുക്കും.
ഉച്ചയ്ക്ക് 2.30 ന് തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന തൃശൂർ മണ്ഡലം കൺവെൻഷനിലും പങ്കെടുക്കുന്ന തുഷാർ വെള്ളാപ്പള്ളി 3.30 ന് എസ്.എൻ.ഡി.പി യൂണിയൻ ലീഡേഴ്സ് മീറ്റും ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 ന് ആലപ്പാട് ചേനത്ത് നാട്ടിക മണ്ഡലം കൺവെൻഷനിലും 6 ന് ആലാ ശ്രീനാരായണ ഹാളിൽ കയ്പ്പമംഗലം മണ്ഡലം കൺവെൻഷനിലും 7.30 ന് മേത്തല ശ്രീനാരായണ സമാജം ഹാളിൽ നടക്കുന്ന കൊടുങ്ങല്ലൂർ മണ്ഡലം കൺവെൻഷനിലും പങ്കെടുക്കും.
ചാവക്കാട് യു.ഡി.എഫ് - വെൽഫെയർ പാർട്ടികൾക്ക്
സംയുക്ത ഓഫീസെന്ന് സി.പി.എം
തൃശൂർ : ചാവക്കാട് നഗരസഭയിൽ യു.ഡി.എഫ് - വെൽഫെയർ പാർട്ടി സംയുക്ത ഓഫീസ് പ്രവർത്തിക്കുന്നുണ്ടെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ആരോപിച്ചു. ജമാ അത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപഹാസ്യമാണ്. ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും ജമാഅത്ത് - യു.ഡി.എഫ് സഖ്യം മത്സരിക്കുന്നുണ്ട്. സ്വന്തം അണികളെ പോലും കബളിപ്പിച്ചാണ് ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഒളിച്ചു കളി നടത്തുന്നത്.