കാസർകോട്: തിരഞ്ഞെടുപ്പിൽ പതിവായി എങ്ങോട്ടും ചായാത്ത ഇടങ്ങളാണ് കാസർകോട്ടെ തുളുനാടൻ കോട്ടകൾ. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസർകോട്ടെ രാഷ്ട്രീയ സാഹചര്യവും മാറിമറിയുന്നതാണ്.
2015ൽ ജില്ലാ പഞ്ചായത്ത് ഭരണവും ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗവും പിടിച്ചടക്കിയ യു.ഡി.എഫിനെ മറികടക്കാനുള്ള അടവുകളാണ് ഇടതുമുന്നണി പയറ്റുന്നത്. മറുപക്ഷത്ത് നിന്നെത്തിയ കേരള കോൺഗ്രസ് ജോസ് വിഭാഗവും എൽ.ജെ.ഡിയും ഇട്ടുതരുന്ന പാലത്തിലൂടെ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. ഒറ്റക്ക് മത്സരിക്കുന്ന ജോസഫ് വിഭാഗവും ഇടതുമുന്നണിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.
17 അംഗങ്ങളുള്ളജില്ലാ പഞ്ചായത്തിൽ ഒമ്പത് സീറ്റ് നേടി ഭരണം പിടിക്കാമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. അതേസമയം ശക്തമായ ഇടതു വിരുദ്ധ തരംഗത്തിൽ അനായാസം ജില്ലയിൽ ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തി കാഞ്ഞങ്ങാട് നഗരസഭയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും തിരിച്ചുപിടിക്കാമെന്ന വിശ്വാസവും യു.ഡി.എഫിനുണ്ട്. ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും തങ്ങൾക്കനുകൂലമായ ട്രെൻഡ് പ്രകടമാണെന്നും അവർ വിലയിരുത്തുന്നു. മുസ്ലിംലീഗിന് ശക്തമായ അടിത്തറയുള്ള ജില്ലയാണ് കാസർകോട്. ലീഗിന്റെ തണലിലാണ് കോൺഗ്രസ് മുന്നേറ്റമുണ്ടാക്കുന്നത്.
അഞ്ചു വർഷവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗിനായിരുന്നു. ബി.ജെ.പി ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും ഇരുമുന്നണികൾക്കും കടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. ജില്ലാ പഞ്ചായത്തിലെ മുഴുവൻ ഡിവിഷനുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളുണ്ട്. നിലവിലുള്ള രണ്ട് പേരുടെ അംഗത്വം ഇരട്ടിയാക്കുകയും പത്തിലധികം ഗ്രാമപഞ്ചായത് ഭരണം പിടിച്ചെടുക്കുകയുമാണ് എൻ.ഡി.എയുടെ നീക്കം. ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കൽ ഡിവിഷൻ ബി.ഡി.ജെ.എസിന് നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ -17
യു.ഡി.എഫ്- 8
എൽ.ഡി.എഫ്- 7
ബി.ജെ.പി- 2
നഗരസഭകൾ- 3
എൽ.ഡി.എഫ്- 2
യു.ഡി.എഫ്- 1
ബ്ലോക്ക് പഞ്ചായത്തുകൾ- 4
എൽ.ഡി.എഫ്- 3
യു.ഡി.എഫ്- 1
ഗ്രാമപഞ്ചായത്തുകൾ- 38
യു.ഡി.എഫ്- 19
എൽ.ഡി.എഫ്- 17
ബി.ജെ.പി- 2