കണ്ണൂർ: സംസ്ഥാന ഭരണത്തിലെ നിർണായക കേന്ദ്രമായ കണ്ണൂരിലെ രാഷ്ട്രീയത്തിലേക്ക് കേരളം ഉറ്റുനോക്കുമ്പോൾ ഇവിടത്തെ ജനമനസ് വായിച്ചെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി വിജയം ആവർത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും യു.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ നോട്ടപ്പിശകിൽ കൈവിട്ടുപോയ മൂന്നു ഡിവിഷനുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ ഒപ്പത്തിനൊപ്പമെത്താമെന്നാണ് യു.ഡി.എഫിന്റെ കണക്കൂകുട്ടൽ. എന്നാൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവ് മലയോരത്തെ യു.ഡി.എഫ് കോട്ടകളെ അട്ടിമറിക്കാൻ സഹായിക്കുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. പ്രാദേശിക വികസനത്തിലൂന്നിയുള്ള വിഷയങ്ങളിലാണ് എൽ.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുന്നതെങ്കിൽ സ്വർണക്കടത്ത്, സർക്കാരിന്റെ അഴിമതി തുടങ്ങിയവയിലാണ് യു.ഡി.എഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായ പി.പി. ദിവ്യയെ മുൻനിറുത്തിയാണ് ഇടതുമുന്നണി പ്രചാരണത്തിൽ മുന്നേറുന്നത്. പുതുമുഖങ്ങളെയും യുവാക്കളെയുമാണ് കൂടുതലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്. ഉളിക്കൽ ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന ഡി.സി.സി സെക്രട്ടറിയും മുൻ കേളകം പഞ്ചായത്ത് പ്രസിഡന്റുമായ ലിസി ജോസഫിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫ് കരുതിയിരിക്കുന്നത്. എല്ലാ ഡിവിഷനുകളിലും ഇത്തവണ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളുണ്ട്.
ജില്ലാ പഞ്ചായത്തിൽ നിന്ന് വ്യത്യസ്തമാണ് കണ്ണൂർ കോർപറേഷൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് പേർ മേയർമാരായി. കോൺഗ്രസ് വിമതന്റെ ബലത്തിൽ ഇടത്, വലത് മുന്നണികൾ ഭരണത്തിന് നേതൃത്വം നൽകി. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങൾക്ക് വേദിയായ കണ്ണൂർ കോർപറേഷൻ ആരു ഭരിക്കുമെന്ന ചർച്ചയാണ് എല്ലായിടത്തും.
അഞ്ച് നഗരസഭകൾ നിലനിറുത്താൻ കഴിയുന്നതിനൊപ്പം യു.ഡി.എഫ് ഭരിക്കുന്ന ശ്രീകണ്ഠപുരമോ പാനൂരോ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടുൽ. എന്നാൽ തങ്ങളുടെ നഗരസഭകളിൽ അട്ടിമറികളിലുണ്ടാകില്ലെന്നും തലശേരിയിൽ ഒപ്പത്തിനൊപ്പമെത്താൻ കഴിയുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ.ഗ്രാമപഞ്ചായത്തുകളിൽ ഇടതുമുന്നണി മേധാവിത്വം നേടുമെന്ന് കരുതുന്നുണ്ടെങ്കിലും യു.ഡി.എഫ് പ്രതീക്ഷ കൈവിടുന്നില്ല.
കണ്ണൂർ ജില്ല കക്ഷിനില
ജില്ലാ പഞ്ചായത്ത്- 24
എൽ.ഡി.എഫ്- 15
യു.ഡി.എഫ്- 9
കോർപറേഷൻ- 55
യു.ഡി.എഫ്- 28
എൽ.ഡി.എഫ്- 27
നഗരസഭകൾ- 9
എൽ.ഡി.എഫ്- 6
യു.ഡി.എഫ്- 3
ബ്ളോക്ക് പഞ്ചായത്ത് -11 (മുഴുവൻ എൽ.ഡി.എഫ്)
ഗ്രാമപഞ്ചായത്തുകൾ- 71
എൽ.ഡി.എഫ്- 53
യു.ഡി.എഫ്-18