തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ശേഷിക്കേ നഗരത്തിൽ ഓരോവോട്ടും ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശമില്ലാത്തതിനാൽ കരുത്തുകാട്ടാൻ നിൽക്കാതെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. റോഡ് ഷോ, നേതാക്കളെ അണിനിരത്തിയുള്ള ആൾക്കൂട്ട പരിപാടികൾ തുടങ്ങിയ പതിവ് കൊട്ടികലാശ കാഴ്ചകൾ മൂന്നു മുന്നണികളും ഉപേക്ഷിച്ചു. 100 വാർഡുകളിലായി ആകെ 8,02,799 വോട്ടർമാരാണ് ഇക്കുറി വിധിയെഴുതുന്നത്. ഇതിൽ 3,84,726 പേർ പുരുഷന്മാരും 4,18,065 പേർ സ്ത്രീകളുമാണ്. എട്ടു ട്രാൻസ്ജെൻഡേഴ്സും ഇക്കൂട്ടത്തിലുണ്ട്. മിക്ക വാർഡുകളിലും ത്രികോണ മത്സരം നടക്കുന്നതിനാൽ ഓരോവോട്ടും നിർണായകമാണ്. മുന്നണികൾക്ക് തലവേദനയായി വിമതന്മാരും സ്വതന്ത്രന്മാരും ചിലയിടങ്ങളിൽ രംഗത്തുള്ളതിനാൽ ജാഗ്രതയോടെയാണ് മുന്നണികളുടെ നീക്കം. കൊവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും പോസ്റ്റൽ വോട്ടായതിനാൽ ഇക്കൂട്ടർക്ക് സ്പെഷ്യൽ ബാലറ്റ് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഓരോ വാർഡിലും മുന്നണികൾ പ്രത്യേകം പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. വീടുവീടാന്തരം എത്തി വോട്ടിംഗ് സ്ലിപ് നൽകുന്ന തിരക്കിലാണ് ഓരോ മുന്നികളും. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നും നിശബ്ദപ്രചാരണ ദിവസമായ നാളെയും സ്ലിപ്പുമായി വീടുകളിലെത്തി വോട്ട് തങ്ങൾക്കാണെന്ന് ഉറപ്പാക്കുന്ന തിരക്കിലാണ് പ്രവർത്തകർ.
' മറ്റുദിവസങ്ങളിൽ പ്രചാരണം അവസാനിക്കുന്നത് പോലെയായിരിക്കും
കൊവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശവും.'
- നെയ്യാറ്റിൻകര സനൽ,
ഡി.സി.സി പ്രസിഡന്റ്
'കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. മൈക്ക് അനൗൺസ്മെന്റും ചെറിയ ജാഥകളും മാത്രമാണ് ഇന്നും സംഘടിപ്പിക്കുക.'
- ആനാവൂർ നാഗപ്പൻ,
സി.പി.എം ജില്ലാ സെക്രട്ടറി
'കൊവിഡ് സാഹചര്യം കണക്കിലെടുത്തുള്ള പരിപാടികളോടെ
പ്രചാരണ പരിപാടികൾ അവസാനിപ്പിക്കും. '
-വി.വി. രാജേഷ്, ബി.ജെ.പി
ജില്ലാ പ്രസിഡന്റ്