വയനാട്: അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധിയിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. അഭിമാനം തോന്നുന്ന ദിനമാണെന്നും, പുരോഹിതർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുതെന്നും അവർ വ്യക്തമാക്കി.
കന്യാസ്ത്രീ മഠങ്ങളിൽ മരിച്ച ഇരുപതിലധികം കന്യാസ്ത്രീകളുടെ ആത്മാക്കൾ വിധിയിൽ സന്തോഷിക്കുന്നുണ്ടാകുമെന്നും ലൂസി കളപ്പുര പറഞ്ഞു. അതേസമയം സഭാനേതൃത്വം മാപ്പു പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ ഫാ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന് തിരുവനന്തപുരം സി ബി ഐ കോടതി വിധിച്ചു. ഇവരുടെ ശിക്ഷ വിധി നാളെയുണ്ടാകും. 28 വഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് അഭയയ്ക്ക് നീതി ലഭിച്ചത്. കോട്ടയത്തെ സഭാ ആസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികളെ പരിശോധനയ്ക്കായി കൊണ്ടുപോയി.