കോട്ടയം: ഇടുക്കി ജില്ലയിൽ അണക്കര ചിറ്റാംപാറയിലെ ഏലത്തോട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊല്ലപ്പെട്ട യുവാവ് ഉൾപ്പെടുന്ന മൂന്നംഗ സംഘം സംഭവസ്ഥലത്ത് എത്തിപ്പെട്ടത് പെൺസുഹൃത്തിനെ കാണാൻ പോയപ്പോൾ. ജാർഖണ്ഡ് സ്വദേശി മനോജ് മുർമുവാണ് (20) തോക്കിനിരയായി സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണത്. കഴിഞ്ഞ ആഴ്ച അർദ്ധരാത്രിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. തോട്ടമുടമ കോട്ടയം വാഴൂർ ഈസ്റ്റ് പത്തൊൻപതാംമൈൽ വടക്കേൽ ജോർജ് മാത്യു (സോണി51)തോട്ടം മാനേജർ കാഞ്ചിയാർ പാറപ്പുറത്ത് അനൂപ് (40) എന്നിവർ റിമാൻഡിലാണ്.
വെടിയേറ്റു മരിച്ച യുവാവ് ഉൾപ്പെടുന്ന മൂന്നംഗ സംഘം തോട്ടത്തിൽ മോഷ്ടിക്കാനെത്തി യെന്നായിരുന്നു പ്രതികളുടെ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
പെൺസുഹൃത്തിനെ കാണാൻ എത്തിയെന്നാണ് മനോജിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പൊലീസിനോട് പറഞ്ഞത്. മരിച്ച മനോജ് ഉൾപ്പെടെയുള്ള മൂവരും സമീപത്തുതന്നെയുള്ള മറ്റൊരു തോട്ടത്തിലെ തൊഴിലാളികളാണ്. ഏലത്തോട്ടത്തിൽ ഇവരൊടൊപ്പം ജോലിചെയ്യുന്ന യുവതിയെ കാണാൻ അർദ്ധരാത്രിയിൽ പോകുമ്പോഴാണ് മോഷ്ടാക്കളെ കാത്തിരുന്ന ഏലത്തോട്ട ഉടമയുടെയും മാനേജരുടെയും മുന്നിൽ എത്തിപ്പെട്ടതും മനോജിന് വെടിയേറ്റതും.
സംഭവ സ്ഥലത്തുനിന്ന് ഏകദേശം 20 അടി ദൂരെയുള്ള ജലസംഭരണ ടാങ്കിന്റെ സമീപത്തേയ്ക്കാണ് മനോജും മറ്റു രണ്ടുപേരും പോയിക്കൊണ്ടിരുന്നത്. ഏലത്തോട്ട ഉടമ ജോർജിന്റെ ഏഴ് ഏക്കറോളം വിസ്ത്രൃതിയുള്ള തോട്ടത്തിന് നടുവിലൂടെ നടന്നുപോകവേയാണ് അത്യാഹിതം സംഭവിച്ചത്. മോഷണം നടത്താൻ എത്തിയതാണെന്ന പ്രതികളുടെ മൊഴിയിൽ സംശയങ്ങൾ ഉയരാൻ കാരണങ്ങളുണ്ടെന്ന് പാെലീസ് പറയുന്നു. ജോർജിന്റെ തോട്ടത്തിൽ മോഷണം നടത്താനുള്ള അളവിൽ ഏലയ്ക്ക ചെടികളിൽ ഇല്ല. കൂടാതെ യുവാവ് വെടിയേറ്റ് കിടന്ന സ്ഥലത്തുള്ള ചെടികളിൽ വിളവെടുപ്പിന് പാകമാകാത്ത ഏലക്കായകളാണുള്ളത്. സമീപത്ത് ഏലക്ക കൂടുതലുള്ള മറ്റു തോട്ടങ്ങളുണ്ട്. അവിടെയൊന്നും കയറാതെ വളരെക്കുറച്ച് ഏലക്കയുള്ള തോട്ടത്തിൽ മോഷ്ടിക്കാൻ കയറിയെന്ന മൊഴി വിശ്വസനീയമല്ല.
സമീപപ്രദേശങ്ങളിലെ തോട്ടങ്ങളിൽ മോഷണം നടന്നതിനെ തുടർന്നാണ് ജോർജും അനൂപും തിങ്കളാഴ്ച രാത്രി തോട്ടത്തിൽ കാവൽ നിന്നത്. ഇതിനിടെയാണ് മനോജ് കൂട്ടുകാർക്കൊപ്പം എത്തിയത്. തോക്കുമായി നിൽക്കുന്ന ഇവരെ കണ്ട് മൂവരും ചിതറിയോടി. മനോജ് ഓടിയെത്തിയത് 50 അടി താഴ്ചയുള്ള കൊക്കയുടെ അരികിലേക്കാണ്. തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ ജോർജും അനൂപും തോക്കുമായി നിൽക്കുകയായിരുന്നു. രക്ഷപ്പെടാനായി മനോജ് കൈയിലുണ്ടായിരുന്ന തേയിലക്കാട് വെട്ടുന്ന കവാത്ത് കത്തി എടുത്ത് ഇവർക്കെതിരെ വീശിയപ്പോൾ ജോർജ് വെടിയുതിർക്കുകയായിരുന്നുവത്രേ. വയറിൽ ഇടതുഭാഗത്ത് പത്തിലധികം വെടിയുണ്ടകൾ ഏറ്റിരുന്നു. മനോജിനൊപ്പം ഉണ്ടായിരുന്ന യുവാവാണ് വിവരം ഹൈറേഞ്ചിൽത്തന്നെയുള്ള മനോജിന്റെ സഹോദരനെ അറിയിച്ചത്.
കൊല്ലപ്പെട്ട മനോജ് മുർമുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം എംബാം ചെയ്ത് വിമാനത്തിൽ ജാർഖണ്ഡിലേക്ക് കൊണ്ടുപോയി.