SignIn
Kerala Kaumudi Online
Monday, 01 March 2021 6.36 PM IST

കൊവിഡിനെയും തോൽപ്പിച്ച കേരള രാഷ്ട്രീയം

2020

2020 ൽ കൊവിഡ് മഹാമാരി ലോകത്തെ വിറപ്പിക്കുമ്പോഴും പിടികൊടുക്കാതെ മുന്നേറുകയായിരുന്നു കേരള രാഷ്ട്രീയം. ട്വിസ്റ്റുകളും ക്ളൈമാക്സും ആന്റി ക്ലൈമാക്സുകളുമൊക്കെയായി ഈ വർഷവും കേരള രാഷ്ട്രീയം സജീവമായിരുന്നു. രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കഴിഞ്ഞ മാർച്ച് 23ന്. ജീവിക്കാനായി അന്യസംസ്ഥാനങ്ങളിൽ പോയി കഷ്ടപ്പെടുന്ന പാവപ്പെട്ട മനുഷ്യരുടെ പലായനത്തിന് രാജ്യം തുടർന്നുള്ള കുറേ ദിവസങ്ങളിൽ സാക്ഷ്യംവഹിച്ചു. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കപ്പെട്ടു. 20,000കോടിയുടെ സാമ്പത്തിക പാക്കേജ് ആദ്യമേ പ്രഖ്യാപിച്ച് ശ്രദ്ധയാകർഷിച്ചതും കേരളം. സമ്പൂർണ ലോക്ക് ഡൗണിന് ശേഷം കേരളസർക്കാർ പല ക്ഷേമനടപടികൾ തുടരെത്തുടരെ പ്രഖ്യാപിച്ച് ജനകീയപരിവേഷമുയർത്തി. കേരളത്തിലെ ഇടതുസർക്കാർ അതിന്റെ ഗ്രാഫുയർത്തിയ നാളുകളായിരുന്നു കൊവിഡാനന്തരമുള്ള ആദ്യത്തെ ഒരു മാസം. അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം സമൂഹ അടുക്കളകൾ, റേഷൻകടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യകിറ്റ് എന്നിങ്ങനെ..

കേരളരാഷ്ട്രീയം പെട്ടെന്ന് കൊവിഡ് സൃഷ്ടിച്ച അമ്പരപ്പിനെ അതിജീവിച്ച് മടങ്ങിയെത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോൾ രാഷ്ട്രീയവിവാദങ്ങൾ ഒന്നിന് പിറകേ ഒന്നായെത്തി. കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ലറിനെ കരാറേല്പിച്ചത് ചോദ്യംചെയ്ത് പ്രതിപക്ഷമെത്തിയതോടെ തുടക്കം. ആരോപണത്തിന്റെ കുന്തമുന നീണ്ടത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിലേക്ക്. അവിടെനിന്ന് തുടങ്ങി വർഷാന്ത്യമാകുമ്പോഴേക്കും വിവാദങ്ങളുടെ കളിത്തോഴനായി മാറിയ ശിവശങ്കർ കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസിന്റെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വലയിലാണ്. സ്‌പ്രിൻക്ലറിൽ നിന്ന് സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ മറ്റ് പലതിലേക്കും കാലം വഴിമാറി സഞ്ചരിച്ചു. ഇപ്പോൾ പിണറായി വിജയൻ സർക്കാർ അതിന്റെ അവസാനവർഷത്തിലേക്ക് കാലൂന്നിയിരിക്കുന്നു. വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലം.

ഗവർണറും ഇടത് സർക്കാരും

2019 ഡിസംബർ 31ന് കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളനിയമസഭ പ്രമേയം പാസാക്കി. ജസ്റ്റിസ് പി. സദാശിവം മാറി പകരക്കാരനായെത്തിയ ആരിഫ് മുഹമ്മദ് ഖാനെന്ന ഗവർണർ കേരള നിയമസഭയുടെ പ്രമേയത്തെയും അത് പാസാക്കാൻ നേതൃത്വം കൊടുത്ത സർക്കാരിനെയും രൂക്ഷമായി വിമർശിച്ചു. തൊട്ടുപിന്നാലെ 2020 പിറന്നു. പുതുവർഷത്തെ നിയമസഭാസമ്മേളനം പതിവനുസരിച്ച് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ചു. പൗരത്വഭേദഗതിക്കെതിരെ വിമർശനമടങ്ങിയ നയപ്രഖ്യാപനത്തിലെ പതിനെട്ടാം ഖണ്ഡിക പ്രശസ്തമായത്, തന്റെ വിയോജിപ്പ് സഭയ്ക്കകത്ത് പരസ്യമായി പ്രഖ്യാപിച്ച ശേഷം ഗവർണർ അത് മുഴുവൻ വായിച്ചതോടെയാണ്.

ഇന്നിപ്പോൾ 2020 ഡിസംബർ 31. കേന്ദ്രസർക്കാരിന്റെ തന്നെ മറ്റൊരു നിയമനിർമ്മാണത്തിനെതിരെ കേരളനിയമസഭ ഇന്ന് പ്രമേയം പാസാക്കുന്നു. ഈയാവശ്യത്തിനായി 23ന് ചേരാനിരുന്ന സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചത് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു. ഗവർണറുടേത് അധികാരപരിധി കടന്നുള്ള ഇടപെടലെന്ന ആക്ഷേപമുയർന്നു. വിട്ടുകൊടുക്കില്ലെന്ന വാശിയോടെ 31ന് ചേരണമെന്ന പുതിയ ശുപാർശ മന്ത്രിസഭ വീണ്ടും കൈമാറി. ഒരേസമയം വെല്ലുവിളിയും സമവായവുമെന്ന സർക്കാർതന്ത്രം ഫലം കണ്ടു. ഗവർണർ മെരുങ്ങി.

ഇനി 2021ലെ നയപ്രഖ്യാപനമാണ് ജനുവരി 8ന്. കർഷകനിയമത്തിനെതിരെ പരാമർശങ്ങൾ അതിലും സർക്കാർ ഉൾപ്പെടുത്തും. ഗവർണർ വായിക്കാതെ വിടുമോ, വിയോജിപ്പറിയിച്ചിട്ട് വായിക്കുമോ എന്ന് കണ്ടറിയണം.

സ്‌പ്രിൻക്ലർ

കൊവിഡ് രോഗബാധിതരുടെ വിവരശേഖരണം സ്‌പ്രിൻക്ലർ കമ്പനിയെ ഏല്പിച്ചത് ദുരൂഹമെന്നാരോപിച്ചത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിവാദം കത്തി. അസാധാരണ സാഹചര്യത്തിലെ അസാധാരണ നടപടിയെന്ന് സി.പി.എമ്മിന്റെ ന്യായീകരണം. സി.പി.ഐക്ക് ആ ന്യായീകരണം പഥ്യമായില്ല. കരാറിന് ചുക്കാൻപിടിച്ച ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കർ എം.എൻ സ്മാരകത്തിലെത്തി കാനത്തെ കണ്ടത് മറ്റൊരു അസാധാരണ സംഗതി. വ്യക്തിവിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കാൻ കോടതിയുടെ കർശനനിർദ്ദേശം. സർക്കാർ പിന്നീട് കരാർ റദ്ദാക്കി. അന്വേഷിക്കാൻ രണ്ടംഗ വിദഗ്ദ്ധസമിതിയെയും വച്ചു. സമിതി റിപ്പോർട്ട് പരിശോധിക്കാനിപ്പോൾ മറ്റൊരു സമിതിയുണ്ട്.

സ്വർണക്കടത്തും വിവാദമഴയും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി കടത്തിയ 30കിലോ സ്വർണം പിടികൂടിയതിൽ തുടക്കം. യു.എ.ഇ കോൺസുലേറ്റിലെ കോൺസലറുടെ പേരിലെ ബാഗേജായിരുന്നു. അവിടെ സെക്രട്ടറിയായിരുന്ന സ്വപ്ന സുരേഷ് കേസിൽ മുഖ്യപ്രതിയായി. അവരോടടുപ്പം പുലർത്തിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിന്നീട് അറസ്റ്റ് ചെയ്തു. ശിവശങ്കറിനെ ആദ്യമേ മുഖ്യമന്ത്രി ഒഴിവാക്കിയിട്ടും പ്രതിപക്ഷം അടങ്ങിയില്ല. മുഖ്യമന്ത്രിയിലേക്ക് ആക്രമണമുന കൂർപ്പിച്ച് തെരുവിൽ സമരം കൊഴുത്തപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് മുഖ്യമന്ത്രിയായിരുന്നെങ്കിൽ, അവരെത്തി ആരംഭിച്ച അന്വേഷണം വഴിതെറ്റിപ്പോകുന്നുവെന്നാണ് ഇടതുമുന്നണിയുടെയും മുഖ്യമന്ത്രിയുടെയും ഇന്നത്തെ ആക്ഷേപം.

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്കെതിരെയും ഇതിന്റെ തുടർച്ചയായി ആരോപണമുയർന്നു. സ്വർണക്കടത്തിൽ നിന്ന് പതുക്കെ കള്ളപ്പണം വെളുപ്പിക്കലടക്കമുള്ളവയിലേക്ക് അന്വേഷണങ്ങൾ വഴിമാറി.

പിളർപ്പ്, മുന്നണി മാറ്റം

കേരള കോൺഗ്രസ്-എമ്മിൽ പിളർന്നുപോയ ജോസ് കെ.മാണിയും പി.ജെ. ജോസഫും രണ്ട് ഗ്രൂപ്പുകളെ നയിച്ച് യു.ഡി.എഫിൽ തുടരുകയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ മുന്നണിധാരണ ലംഘിച്ചെന്ന് കാട്ടി ജോസ് പക്ഷത്തെ യു.ഡി.എഫ് പുറത്താക്കി. ശേഷം നിഷ്പക്ഷമായി നിന്ന ജോസ് വിഭാഗം സന്ദർഭമൊത്തുവന്നപ്പോൾ ഇടതുചേരിയിലെത്തി. ഇടഞ്ഞുനിന്ന സി.പി.ഐ അയഞ്ഞു. ജോസ് എൽ.ഡി.എഫിലും ജോസഫ് യു.ഡി.എഫിലുമായി. കേരള കോൺഗ്രസ്- ജേക്കബ് വിഭാഗത്തിൽ ചെയർമാനായിരുന്ന ജോണി നെല്ലൂർ ജോസഫിനൊപ്പം ചേർന്നു. ഇടതുമുന്നണിയിലെ ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാനായിരുന്ന ഫ്രാൻസിസ് ജോർജും ചിലരും പാർട്ടി പിളർത്തി ജോസഫിനൊപ്പമെത്തി.

എം.എൽ.എമാരുടെ അറസ്റ്റ്

പാലാരിവട്ടം മേല്പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസും ജുവലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീനെ ക്രൈംബ്രാഞ്ചും അറസ്റ്റ് ചെയ്തു. പ്ലസ്ടു കോഴ്സിന് കോഴ വാങ്ങിയെന്ന ആക്ഷേപത്തിൽ കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം. മൂവരും ലീഗ് നേതാക്കൾ. സർക്കാരിനെതിരെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ നിന്ന യു.ഡി.എഫിനകത്ത് ലീഗ് എം.എൽ.എമാരെ കേസിൽക്കുരുക്കി അങ്ങനെ ഇടത് പ്രത്യാക്രമണം.

മാവോ വേട്ടയും യുവാക്കളുടെ ജാമ്യവും

2019 നവംബർ ഒന്നിന് യു.എ.പി.എ ചുമത്തി മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്രിലായ സി.പി.എം പ്രവർത്തകരായിരുന്ന അലൻ ഷുഹൈബിനും താഹ ഫസലിലും ജാമ്യം കിട്ടി. എന്നാൽ, കൊവിഡിനിടയിലും ഈ നവംബർ 3ന് വയനാട്ടിൽ മാവോയിസ്റ്റ്, തമിഴ്നാട് സ്വദേശി വേൽമുരുകനെ തണ്ടർബോൾട്ട് വെടിവച്ചുകൊന്നു. ഇടതു ഭരണകാലത്തെ പൊലീസ് ഭീകരത ചോദ്യചിഹ്നമായി നിൽക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പും ഇടതുതിളക്കവും

ആരോപണവിവാദങ്ങൾ വരിഞ്ഞുമുറുക്കിയിട്ടും അവയെയെല്ലാം വകഞ്ഞുമാറ്റി തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേടിയത് തിളക്കമാർന്ന വിജയം. നാല് മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച സ്വപ്നം കാണുന്ന ഇടതുമുന്നണിക്ക് ആത്മവിശ്വാസമേകുന്ന വിജയമാണിത്. അഴിമതിയാരോപണങ്ങൾക്ക് നടുവിലുള്ള സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തിൽ അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള യു.ഡി.എഫ് മോഹം പാടേ പൊലിഞ്ഞെന്ന് പറയാറായില്ല. ഇനിയുമുണ്ട് നാല് മാസം. പക്ഷേ ആത്മവിശ്വാസം ചോരുന്ന നിലയുണ്ട്. കോൺഗ്രസിനകത്ത് വിഴുപ്പലക്കലുകൾ ശക്തം. ആത്മവിശ്വാസം തിരിച്ചുപിടിക്കാനുള്ള ഭഗീരഥപ്രയത്നത്തിലേക്കവർ കടക്കുന്നു. മറുവശത്ത് വിദഗ്ദ്ധമായ സോഷ്യൽ എൻജിനിയറിംഗിലൂടെ കളമുറപ്പിക്കാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങുന്നു. സർക്കാരിന്റെ ക്ഷേമപ്രഖ്യാപനങ്ങൾ അതിന് പിൻബലം. ജോസ് കെ.മാണിയുടെ വരവും ക്രൈസ്തവർക്കിടയിലെ രാഷ്ട്രീയധ്രുവീകരണങ്ങളും ഇടത് പ്രതീക്ഷകളെ ജീവൻ വയ്പിക്കുന്നുണ്ട്. കാലാകാലങ്ങളായുള്ള സ്വന്തം വോട്ടുബാങ്കുകളെ ഉറപ്പിച്ചുനിറുത്താൻ യു.ഡി.എഫും.

ക്രൈസ്തവരിലെ വൈകാരികധ്രുവീകരണത്തെ അളക്കുന്ന ബി.ജെ.പിയും ചില പ്രതീക്ഷകളിലാണ്. അതെത്രത്തോളമെന്ന് പറയാറായില്ല. സംസ്ഥാന നേതൃത്വത്തിലെ ചേരിപ്പോര് ബി.ജെ.പിയെയും വലയ്ക്കാതില്ല. നേമത്തിനപ്പുറത്തേക്ക് 2021ൽ താമര വിരിയുമോ? ഇനി മത്സരത്തിനില്ലെന്ന് ആറ് മാസം മുമ്പ് വരെയും പറഞ്ഞിരുന്ന നേമം അംഗം ഒ. രാജഗോപാൽ, ഇനിയുമൊരങ്കത്തിന് അവസാന മണിക്കൂറുകളിൽ താത്പര്യമറിയിച്ചെത്തിയതും കൗതുകകരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POLITICS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.