ന്യൂഡൽഹി:ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ പതിവുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ജനുവരി 31 വരെ കേന്ദ്രസർക്കാർ നീട്ടി. ഡിസംബർ 31വരെയായിരുന്നു നിലവിൽ വിലക്ക്. അതേസമയം അന്താരാഷ്ട്ര കാർഗോ സർവീസുകൾക്കും പ്രത്യേക അനുമതിയോടെയുള്ള യാത്രാ സർവീസുകൾക്കും വിലക്കില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. സാഹചര്യങ്ങൾക്ക് അനുസരിച്ച് അന്താരാഷ്ട്ര ഷെഡ്യൂൾഡ് സർവീസുകൾ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്ക് അനുവദിച്ചേക്കും.
കൊവിഡിനെ തുടർന്നാണ് മാർച്ച് 23 മുതൽ ഇന്ത്യ അന്താരാഷ്ട്ര വിമാനസർവീസുകൾ നിറുത്തിവച്ചത്. മേയ് മുതൽ വന്ദേഭാരത് മിഷന്റെ പ്രത്യേക അന്താരാഷ്ട്ര വിമാനസർവീസുകൾ അനുവദിച്ചിരുന്നു.