SignIn
Kerala Kaumudi Online
Thursday, 25 February 2021 2.32 AM IST

നിരാശരായ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിലേക്ക് വരും; വാതിലുകൾ തുറന്നുകിടക്കുകയാണെന്ന് പി കെ കൃഷ്‌ണദാസ്

krishnadas

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിലെ നിരാശരായ നേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്ന് മുതിർന്ന നേതാവ് പി.കെ കൃഷ്‌ണദാസ്. ബി.ജെ.പിക്ക് ഒറ്റ ഗ്രൂപ്പേയുളളൂവെന്നും അത് ബി.ജെ.പി ഗ്രൂപ്പാണെന്നും അദ്ദേഹം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും കൃഷ്‌ണദാസ് പ്രത്യാശ പ്രകടിപ്പിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നേതാക്കൾ ഒളിവിലാണോ?

ബി.ജെ.പി അതിനുശേഷം കാലികമായ വിഷയങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കൂടിയ യോഗത്തിൽ ഞങ്ങളുടെ അഭിപ്രായങ്ങളെല്ലാം പരസ്‌പരം അറിയിച്ചിട്ടുണ്ട്. ഞങ്ങൾ നിശ്ശബ്‌ദരാണ് എന്നത് ശരിയല്ല.

തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ തരംഗം ഉണ്ടായിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?

യു.ഡി.എഫിന് പരിതാപകരമായ പതനം ഉണ്ടായി. അതേസമയം, എൽ.ഡി.എഫിന് പരിമിതമായ വിജയമേ ഉണ്ടായിട്ടുളളൂ. യു.ഡി.എഫിൽ നിന്ന് ജോസ് കെ. മാണിയും എൽ.ജെ.ഡിയുമൊക്കെ അപ്പുറത്ത് പോയിട്ടും 2015ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ അവർക്ക് വലിയ വിജയമൊന്നും ഉണ്ടായിട്ടില്ല. ഈ പരിമിതമായ വിജയമെങ്കിലും അവർക്ക് കിട്ടിയത് അന്ധമായ ബി.ജെ.പി വിരുദ്ധതയുടെ പേരിൽ യു.ഡി.എഫ് കൊടുത്ത വോട്ട് കൊണ്ടാണ്. യു.ഡി.എഫിന്റെ വോട്ട് കച്ചവടത്തിലൂടെയാണ് എൽ.ഡി.എഫ് രക്ഷപ്പെട്ടത്. ബി.ജെ.പിയുടെ അട്ടിമറി വിജയം ഇല്ലാതായത് അങ്ങനെയാണ്.

തിരുവനന്തപുരം നഗരസഭയിലടക്കം ഇതിനെക്കാൾ വലിയ വിജയം ബി.ജെ.പി പ്രതീക്ഷിച്ചിരുന്നില്ലേ?

തിരുവനന്തപുരത്ത് ഞങ്ങൾക്ക് 35 സീറ്റ് കിട്ടി. 22 സീറ്റു‌കളിൽ ഞങ്ങൾ രണ്ടാമതാണ്. ആ 22 സീറ്രുകളിൽ യു.ഡി.എഫ് വോട്ടുകളെല്ലാം എൽ.ഡി.എഫിലേക്കാണ് പോയത്. യു.ഡി.എഫ് എൽ.ഡി.എഫിന് വോട്ട് മറിച്ചില്ലായിരുന്നെങ്കിൽ തിരുവനന്തപുരം ഉൾപ്പടെ പല നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ബി.ജെ.പി ഭരിക്കുമായിരുന്നു.

പാർട്ടിക്കകത്തെ ഗ്രൂപ്പിസവും അടിയുമൊക്കെ തിരഞ്ഞെടുപ്പിൽ ക്ഷീണമായോ?

ബി.ജെ.പിക്ക് ആകെ ഒരു ഗ്രൂപ്പേ ഉളളൂ. അത് ബി.ജെ.പി ഗ്രൂപ്പാണ്. കോൺഗ്രസിനേയും മാർക്‌സിസ്റ്റ് പാർട്ടിയെയും പോലെയാണ് ബി.ജെ.പി എന്നത് തെറ്റിദ്ധാരണയാണ്. ഒരു മനസ്സോടെ ഒറ്റക്കെട്ടായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്ട്രീയമായി ഉപയോഗിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന സ്വയം വിമർശനമുണ്ടോ?

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഞങ്ങളുടെ രാഷ്ട്രീയമായ നേട്ടത്തിനോ മുതലെടുപ്പിനോ വേണ്ടിയല്ല. മുഖ്യമന്ത്രി തന്നെയാണ് കേന്ദ്ര ഏജൻസികളെ കത്തയച്ച് ക്ഷണിച്ചത്. ബി.ജെ.പിയെ സംബന്ധിച്ച് ഇതൊരു ദേശീയ വിഷയമാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അതിൽ ബന്ധപ്പെട്ടവർ ആരാണോ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കക്ഷി രാഷ്ട്രീയത്തിന് നേട്ടമുണ്ടാകുന്ന ഒന്നും ഞങ്ങൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലൂടെ പ്രതീക്ഷിക്കുന്നില്ല.

സഭാ തർക്കം അവസാനിപ്പിക്കാനുളള പ്രധാനമന്ത്രിയുടെ ഇടപെടൽ ന്യൂനപക്ഷ വോട്ടുകൾ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുളള തന്ത്രമാണോ?

ഒരിക്കലുമല്ല. യാക്കോബായാക്കാരും ഓർത്തഡോക്‌സുകാരും പ്രധാനമന്ത്രിയെ കണ്ട് അവരുടേതായ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു. മറ്റ് ക്രൈസ്‌തവ സഭകളും പ്രധാനമന്ത്രിയെ നേരിട്ട് കാണുമെന്നാണ് ഞാൻ മനസിലാക്കുന്നത്. അവർ ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നത് കൊണ്ടാകാം സഭാ നേതാക്കൾ പ്രധാനമന്ത്രിയെ കാണാനായി നിശ്‌ചയിച്ചത്.

അബ്‌ദുളളക്കുട്ടിയുടെയൊക്കെ വരവ് മലബാറിൽ ഗുണം ചെയ്‌തിട്ടുണ്ടോ?

മതന്യൂനപക്ഷങ്ങൾക്കിടയിൽ എൽ.ഡി.എഫും യു.ഡി.എഫും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളോടുളള ‌ഞങ്ങളുടെ സമീപനം ഭാവാത്മകമാണ്. മതന്യൂനപക്ഷങ്ങളെ കേവലം വോട്ടർമാർ എന്നതിനപ്പുറം ഈ രാജ്യത്തെ പൗരന്മാരായാണ് ബി.ജ.പി കാണുന്നത്. ബി.ജെ.പിക്ക് എതിരായ തെറ്റിദ്ധാരണ മാറ്റേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അബ്‌ദുളളക്കുട്ടിക്ക് ദേശീയ തലത്തിൽ മുഖ്യചുമതല നൽകിയത് മുസ്ലിം സമുദായത്തിനിടയിൽ ബി.ജെ.പിയെപ്പറ്റി ശരിയായ ധാരണയുണ്ടാക്കാൻ പ്രേരിപ്പിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറിനിന്ന നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമോ?

അത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ബാക്കിയുളളതൊക്കെ സംഘടനയ്‌ക്ക് അകത്ത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

വലിയ മുന്നേറ്റമാകും ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിൽ കാഴ്‌ച വയ്‌ക്കുന്നത്. ആറ് വർഷക്കാലത്തെ നരേന്ദ്രമോദി സർക്കാരിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങൾ കൂടാതെ എൽ.ഡി.എഫും യു.ഡി.എഫും യഥാർത്ഥത്തിൽ ഒറ്റമുന്നണിയാണെന്ന ബി.ജെ.പിയുടെ വെളിപ്പെടുത്തൽ ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശരിയാണെന്ന് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതിന്റേതായ വ്യത്യാസം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകും.

ബി.ജെ.പി ഒരു ഭാഗത്തും ബി.ജെ.പി വിരുദ്ധരായ ജമാ അത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ, എൽ.ഡി.എഫ്, യു.ഡി.എഫ് എന്നിവർ മറുഭാഗത്തുമായി അണിനിരക്കും. ആ പുതിയ രാഷ്ട്രീയം ഞങ്ങൾക്ക് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എയിലേക്ക് കൂടുതൽ കക്ഷികൾ വരുമോ?

ദേശീയ രാഷ്ട്രീയത്തിലെ അനുരണനങ്ങൾ കേരളത്തിലും പ്രതിഫലിക്കും. ഏതൊക്കെ കക്ഷികളെന്ന് പറയാൻ ഇപ്പോൾ സാദ്ധ്യമല്ല. ഞങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. മാത്രമല്ല കോൺഗ്രസിൽ നിന്നും മാർക്‌സിസ്റ്റ് പാർട്ടിയിൽ നിന്നും അണികളെയും നേതാക്കന്മാരെയുമൊക്കെ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. വലിയ ഉരുൾപൊട്ടൽ കോൺഗ്രസിനകത്ത് ഉണ്ടാകും. അത് എങ്ങനെയാണെന്നൊക്കെ വരാനിരിക്കുന്ന നാളുകളിൽ മനസിലാകും.

കോൺഗ്രസിലെ പ്രമുഖർ ബി.ജെ.പിയിലേക്ക് ഉണ്ടാകുമോ?

കോൺഗ്രസും യു.ഡി.എഫും പൊട്ടിത്തെറിയുടെ വക്കിലാണ്. അതിനകത്ത് നിരാശരായ ഒരുപാട് നേതാക്കളുണ്ട്. നിരാശരായ ഈ നേതാക്കൾ ഞങ്ങൾക്കൊപ്പം വരും. മറ്റ് സംസ്ഥാനങ്ങളിൽ അരങ്ങേറിയത് കേരളത്തിലും നടക്കും.

എത്ര സീറ്റാ‌ണ് നിയമസഭയിൽ പ്രതീക്ഷിക്കുന്നത്?

സ്വാഭാവികമായും എഴുപത് പ്ലസാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PK KRISHNADAS, BJP, CONGRESS, CPM, UDF, LDF, NDA, LOCAL BODY ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.