ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ഒ രാജഗോപാൽ അനുകൂലിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജഗോപാലിനോട് സംസാരിക്കണം. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ കാരണം എന്താണെന്ന് അറിയില്ല. കാർഷിക ഭേദഗതി നിയമത്തിൽ ബി ജെ പിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിക്ക് ഏറെ തലവേദനയായ സംഭവത്തിൽ ബി ജെ പി നേതാക്കളാരും ഇതുവരെ കൃത്യമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. രാജഗോപാൽ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
സ്പീക്കർ തിരഞ്ഞെടുപ്പിൽ പി ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്തതടക്കം രാജഗോപാലിന്റെ സഭയിലെ പല നടപടിയിലും ബി ജെ പി നേരത്തെ പ്രതിസന്ധിയിലായിട്ടുണ്ട്. പൗരത്വനിയമഭേദഗതിക്കെതിരായ സംയുക്ത പ്രമേയത്തിലും പാർട്ടിയുടെ ഏക എം എൽ എ എതിർപ്പ് രേഖപ്പെടുത്തിയിരുന്നില്ല. പാർട്ടിക്ക് വിരുദ്ധമായ നിലപാട് സഭക്കുളളിൽ സ്വീകരിക്കുമ്പോഴൊക്കെ മുതിർന്ന നേതാവ് എന്ന പരിഗണന നൽകിയാണ് നേതൃത്വം വിവാദങ്ങൾ തീർത്തത്. എന്നാലിപ്പോൾ രാജ്യം തന്നെ ചർച്ച ചെയ്യുന്ന സുപ്രധാനവിഷയത്തിലാണ് കേന്ദ്ര സർക്കാറിനെ പോലും സമ്മർദ്ദത്തിലാക്കുന്ന നടപടി രാജഗോപാൽ സ്വീകരിച്ചത്.