ശ്രീ കൃഷ്ണനെന്നാൽ സുഗതകുമാരിക്ക് പ്രണയമായിരുന്നു, വിരഹമായിരുന്നു, ഭക്തിയും മൃത്യുവും മോക്ഷവുമായിരുന്നു. നിന്റെ നീലവിരിമാറിൽ ഒരിക്കലും തലചായ്ച്ചിട്ടില്ലെന്ന് പറഞ്ഞ്, കൃഷ്ണാ നീയെന്നെ അറിയില്ലെന്ന് പറഞ്ഞ് അകന്നു നിൽക്കുമ്പോഴും ഹൃദയം ഗോകുലമാക്കി ആത്മാവ് ആ പാദങ്ങളിൽ അർപ്പിച്ച് പ്രണയത്തിന്റെയും വിരഹത്തിന്റെയും ആനന്ദബാഷ്പം പൊഴിച്ച കവിതയുടെ രാധയായിരുന്നു സുഗതകുമാരി.
ആ രാധയെ കൃഷ്ണൻ അറിഞ്ഞു. അവളുടെ കുടിലിൻ മുന്നിൽ കൃഷ്ണന്റെ മോക്ഷരഥം എത്തി. ഒരു മാത്ര നിന്നു. കണ്ണീര് നിറഞ്ഞൊരാ മിഴികൾ രാധയുടെ നേർക്കു ചാഞ്ഞു. കരുണയാലാകെത്തളർന്നൊരാ ദിവ്യമാം സ്മിതം നൽകി. പുഞ്ചിരികൊള്ളുന്ന കണ്ണന്റെ കൈയിൽ അവൾ തളർന്നു വീണു. ചന്ദനം മണക്കുന്നൊരാ മാറിൽ ആദ്യമായി സങ്കടങ്ങളിറക്കി വയ്ക്കുമ്പോൾ ആ മനസ് മന്ത്രിച്ചു....
''ശ്യാമസുന്ദരാ, മൃത്യുവും നിന്റെ നാമമാണെന്നു ഞാനറിയുന്നേൻ...""
കവിതയുടെ രാധ ആ രഥത്തിൽ മടങ്ങിപ്പോയി.
കൃഷ്ണൻ സുഗതകുമാരിക്ക് കവിതയെ നയിക്കുന്ന ആത്മാവായിരുന്നു. പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും സുഗതകുമാരി എഴുതിയത് കൃഷ്ണനെ മുൻനിറുത്തിയായിരുന്നു. ചെറുപ്പകാലത്ത് എഴുതിയ കവിതകളിൽ നിന്ന് വ്യത്യസ്തമാണ് പിന്നീട് എഴുതിയവ. ഓരോ കവിതയിലും പ്രണയത്തിന്റെ ഭാവങ്ങൾ മാറുന്നത് കാണാം.
ആദ്യകാല കവിതകളിലൊന്നായ 'കാളിയമർദ്ദന"ത്തിൽ
'കുനിഞ്ഞതില്ല പത്തികൾ കണ്ണാ കുലുങ്ങിയില്ലീ കരളിന്നും "എന്ന് ആവർത്തിക്കുന്നുണ്ട്. അടിച്ചമർത്തുമ്പോഴും തുടിക്കുന്ന പെൺമനസിനെയാണ് ആ കവിത അടയാളപ്പെടുത്തുന്നത്. 27ാം വയസിലാണ് 'കാളിയമർദ്ദനം "എഴുതിയത്.
നഷ്ടബോധം, ആത്മാനുരാഗം, വിരഹാതുരത, വേദനപ്പിക്കുന്ന ഏകാന്തത ഇവയെല്ലാം കൃഷ്ണ കവിതകളിൽ കടന്നു വരുന്നു. എല്ലാം കൃഷ്ണനോടുള്ള പറച്ചിലുകൾ. 35-ാം വയസിൽ എഴുതിയ 'ഗജേന്ദ്രമോക്ഷ"ത്തിലെ കൃഷ്ണന് രക്ഷകന്റെ ഭാവമാണ്. അവിടേയും കവയിത്രിയുടെ മനം തേങ്ങുന്നുണ്ട്.
'' നീയെവിടെ? വിളിച്ചു വിളിച്ചു തളർന്നേനെവിടെപ്പോയ് നീയെന്നുടയോനേ....
'ഒരു ദർശനം", 'മറ്റൊരു രാധിക", 'ഒരു വൃന്ദാവന രംഗം", 'മഴത്തുള്ളി",'എവിടെ നീ", 'എന്റെ മനസ്സിന്റെ പൊന്നമ്പലത്തിലും ശ്യാമരാധ", 'കൃഷ്ണാ നീയെന്നെയറിയില്ല"...സുഗതകുമാരിയുടെ കൃഷ്ണ കവിതകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് 'കൃഷ്ണാ, നീയെന്നെയറിയില്ല" എന്ന കവിതയാണ്. അതിൽ പ്രണയത്തിന്റെ നിറങ്ങളും ഭാവങ്ങളും തുടിക്കുന്നുണ്ട്.
കവയിത്രിയുടെ ആത്മാവും അതിൽ ചേർന്നിരിക്കുന്നു. ഒരു പൂവായി സ്വയം അർപ്പിച്ച് പരമാത്മാവിൽ ലയിക്കാൻ വെമ്പുന്ന മനസ് അതിലുണ്ട്. ഒപ്പം നഷ്ടബോധവും ആ വരികളിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഈ കവിതയെഴുതുമ്പോൾ സുഗതകുമാരിക്ക് പ്രായം 45.
'പോരു വസന്തമായ് പോരു വസന്തമായ്
നിന്റെ കുഴൽ പോരു വസന്തമായ് എന്നെന്റെയന്തരംഗത്തിലല ചേർക്കേ
ഞാനെന്റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്റെയുള്ളിൽ വച്ചാത്മാവ് കൂടിയർച്ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണാ നിൻ രഥമെന്റെ കുടിലിനു മുന്നിൽ
ഒരു മാത്ര നിൽക്കുന്നു
കണ്ണീർ നിറഞ്ഞൊരാ മിഴികളെൻ നേർക്കു ചായുന്നു
കരുണയാലാകെ ത്തളർന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നൽകുന്നു."
അവിടെ നിന്ന് 'അഭിസാരിക"എഴുതുമ്പോൾ കവയിത്രിയിലെ ഭക്ത മോക്ഷതീരത്തിലേക്കാണ് എത്തുന്നത്. കാട്ടിൽ നിന്ന് കുഴൽ വിളി കേൾക്കുമ്പോൾ നിലാവിന്റെ പൂമാലകൾ വാരിയണിഞ്ഞ് അവൾ ഇറങ്ങുന്നത് കണ്ണീരിൽ കുളിച്ചാണ്. എന്തിന് കണ്ണൻ വിളിക്കുന്നു എന്ന് കവയിത്രി വിവരിക്കുന്നതിങ്ങനെ:
''നിന്നോടൊത്ത് രമിപ്പതിന്നല്ല
ഹാസലോലയായ് തോഴിമാരൊപ്പം
ലാസനൃത്തങ്ങളാടുവാനല്ല...
ചന്ദ്രികയിൽ യമുന മുങ്ങുമ്പോൾ
നിന്റെ കൈകോർത്തു നീന്തുവാനല്ല...
എന്നെ മാത്രം വിളിച്ചത് വീണ്ടു-
മൊന്നു കാണുവാൻ മാത്രമാണല്ലോ..."
അവിടെ നിന്നും മൃത്യുവിലേക്കാണ് പോകുന്നത്. ഇത്ര മനോഹരമായി മൃത്യുവിനെ വർണിക്കുന്ന വരികൾ മലയാള കവിതയിലുണ്ടോ എന്ന് സംശയമാണ്
'പുഞ്ചിരികൊള്ളും നിന്റെ കൈയിൽ
തളർന്നു വീഴുമ്പോൾ
ചന്ദനം മണക്കുന്നൊരാ മാറിൽ
സങ്കടങ്ങളിറക്കി വയ്ക്കുമ്പോൾ
ശ്യാമസുന്ദരാ, മൃത്യുവും നിന്റെ
നാമമാണെന്നു ഞാനറിയുന്നേൻ..."