ടീച്ചറിനെക്കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ കൈ വിറയ്ക്കുന്നു; ആ സ്നേഹസ്മരണയിൽ മനസ് തേങ്ങുന്നു. എങ്ങും പടരുന്ന മഹാമാരിയുടെ ഇരുട്ടിൽ അവസാനത്തെ നക്ഷത്രപ്രഭയും അപ്രത്യക്ഷമാകുന്നു. 'പാതിരാപ്പൂക്കൾ' ഒന്നൊഴിയാതെ കൊഴിഞ്ഞു വീഴുന്നു. 'മുത്തുച്ചിപ്പി'കൾ മുത്തുകൾ നഷ്ടപ്പെട്ട് തോടുകളായി മാറിപ്പോകുന്നു. 'രാത്രിമഴ' മനസ് തണുപ്പിക്കുന്നില്ല. 'അമ്പലമണി' നിശബ്ദം. 'തുലാവർഷപ്പച്ച' ഉണങ്ങി വരണ്ടിരിക്കുന്നു. 'കൃഷ്ണാ നീയെവിടെ' എന്ന നിലവിളിക്ക് മറുപടിയില്ല. ജീവിതം 'മണലെഴുത്ത്' ആണെന്നു ബോദ്ധ്യം വരുന്നു. 'കാടിനു കാവലായി' എന്നും ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട ടീച്ചർ. മണ്ണിനെയും മരങ്ങളെയും മനുഷ്യരെയും സ്നേഹിച്ച പുണ്യജന്മം. പ്രകൃതി സംരക്ഷക, അശരണരായ സ്ത്രീകൾക്കും കുട്ടികൾക്കും 'അത്താണി', 'അഭയ'മരുളിയ പുണ്യശാലിനി. സമാനഹൃദയർക്കായ് പാടി എപ്പോഴും ഒപ്പമുണ്ടായിരുന്ന മലയാളത്തിന്റെ സംസ്കാരപൂർണമായ മാതൃഭാവം.
പോയ പല പതിറ്റാണ്ടുകളിൽ ടീച്ചറിന്റെ സ്നേഹവും അനുഗ്രഹവും ആവോളമനുഭവിക്കാൻ ഭാഗ്യമുണ്ടായത് ധന്യമായ ഓർമ്മയാകുന്നു ഇപ്പോൾ. കുട്ടികൾക്കുവേണ്ടിയുള്ള ഏതു പ്രവർത്തനത്തിലും ടീച്ചറിന്റെ നേതൃത്വം ആത്മശക്തി പകർന്നു. സുഗതകുമാരി ടീച്ചർ സൃഷ്ടിച്ച പാരമ്പര്യത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച് ജവഹർ ബാലഭവന്റെ പിൽക്കാല പ്രവർത്തനത്തിൽ പങ്കുചേരാനായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുമ്പോൾ ടീച്ചറിന്റെ നിർദ്ദേശങ്ങൾ മാർഗദീപമായി. കുട്ടികളുടെ മാസിക 'തളിര്' പ്രസിദ്ധീകരണമാരംഭിച്ച കാലം തൊട്ട് ടീച്ചറാണ് പത്രാധിപത്യം വഹിക്കുന്നത്.
ടീച്ചറിന്റെ വേർപാടിൽ ദുഃഖാർത്തമാകുന്ന 'നിശ്ശബ്ദതയുടെ താഴ്വര'യുടെ നിലവിളി നാം ശ്രവിക്കുന്നു. ആ പ്രശാന്തിയുടെ സൗന്ദര്യവും ഹരിതഭംഗികളും ഇന്നും നിലനിൽക്കാൻ കാരണം ടീച്ചറിന്റെ പ്രയത്നമാണ്. കൃഷിയിടങ്ങളെ വിമാനത്താവളമാക്കി ചൂഷണം ചെയ്യാൻ ഒരുമ്പെട്ട കോർപ്പറേറ്റ് ശക്തികളോട് 'മാനിഷാദാ' എന്നു കല്പിച്ചത് ആ കവിവാക്യം. ആറന്മുള വിമാനത്താവള പദ്ധതിയെ പ്രതിരോധിക്കാൻ ടീച്ചർ മുന്നിൽ നിന്നു. ആ സമരവേദിയിൽ കവിക്കു പിൻപറ്റി നിൽക്കാൻ അവസരമുണ്ടായത് ഞാനോർക്കുന്നു.
സുഗതകുമാരി ടീച്ചർ മഹത്തായ കവിതകൾ എഴുതി മനുഷ്യസംസ്കാരത്തിനു വികാസം നൽകി. മുന്നണിപ്പോരാളിയായി പ്രകൃതി സംരക്ഷണത്തിനു നിലകൊണ്ടു. മണ്ണും മരങ്ങളും മൃഗങ്ങളും പക്ഷിക്കൂട്ടവും പുലരാതെ മനുഷ്യസ്വാർത്ഥതയ്ക്കു എല്ലാം ബലികൊടുത്താൽ ഭൂമിയുടെ മരണം ആസന്നമാണെന്ന പാഠം ടീച്ചർ പഠിപ്പിച്ചു. ഒരു കാലഘട്ടത്തിന്റെ കാവ്യസംസ്കൃതിയുടെ സംസ്കാരമായി അതിനെ രൂപപ്പെടുത്താനും കഴിഞ്ഞു.
പീഡിതർക്കും ദുഃഖിതർക്കും എന്നും അത്താണിയായി, അഭയമായി ജീവിതമർപ്പിച്ച അമ്മയായ കവി. അംഗീകാരങ്ങളുടെ പട്ടിക നിരത്തുന്നില്ല. അതിലുമെത്രയോ വലുതാണ് പാവം മാനവഹൃദയത്തിൽ മുത്തുമണിയായി ശോഭിക്കുന്ന ആ പുണ്യജന്മം