പ്രാണവായുവായി കണ്ട സുഗതകുമാരി, പ്രകൃതിയെ ദ്രോഹിക്കുന്നവർക്കെതിരെ പോരാടാനിറങ്ങിയത് രാഷ്ട്രീയമോ മതമോ നോക്കിയല്ല. സൈലന്റ് വാലിക്കും അതിരപ്പിള്ളിക്കും വേണ്ടി പോരാടിയ അതേ വീര്യത്തോടെ ആറന്മുളയ്ക്കു വേണ്ടിയും രംഗത്തിറങ്ങി. സമരത്തിന് ബി.ജെ.പിയെ കൂടെ കൂട്ടിയപ്പോഴുണ്ടായ വിമർശനങ്ങൾ അവഗണിച്ചു. പ്രകൃതിക്ക് രാഷ്ട്രീയവും മതവുമില്ലെന്നായിരുന്നു കവയിത്രിയുടെ നയം.
2006ൽ പരിസ്ഥിതി പ്രവർത്തകർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ 'ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്" ആദ്യമായി ലഭിച്ചതും സുഗതകുമാരിക്കായിരുന്നു. ഒരു കാടിന് പ്രതിഷേധിക്കാനും അതിൽ വിജയിക്കാനും കഴിയുമെന്ന് തെളിയിച്ചതാണ് സൈലന്റ് വാലി പ്രക്ഷോഭം. കുന്തിപ്പുഴയിലെ ജലവൈദ്യുത പദ്ധതി ഇന്ദിരാഗാന്ധി സർക്കാർ നിർദ്ദേശിച്ചു. മൊറാർജിദേശായി സർക്കാർ അനുമതി നൽകി. കൊച്ചുകേരളത്തെ ലോകത്തിന് മുന്നിൽ ശ്രദ്ധേയമാക്കിയ വലിയ സമരമായിരുന്നു പിന്നെ നടന്നത്. വീണ്ടും അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി സമരത്തിന് മുന്നിൽ തലകുനിച്ച് സൈലന്റ് വാലി പദ്ധതി ഉപേക്ഷിച്ചു.
സാഹിത്യകാരന്മാർ സമരത്തിലേക്ക് എടുത്തുചാടിയതിന് സുഗതകുമാരിയുടെ പ്രേരണയിലാണ്. പ്രൊഫ. എം.കെ. പ്രസാദിന്റെ ഒരു ലേഖനമാണ് സൈലന്റ് വാലി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവതിയാക്കിയത്. അതിനായി ആദ്യം ചെയ്തത് 'കേരളകൗമുദി"യിൽ ഒരു ലേഖനമെഴുതുകയായിരുന്നെന്ന് സുഗതകുമാരി പറഞ്ഞിട്ടുണ്ട്.
"കേരളകൗമുദിയിൽ വന്ന ലേഖനത്തിനുണ്ടായ പ്രതികരണം അത്ഭുതാവഹമായിരുന്നു. ശാസ്ത്രജ്ഞൻമാരും പരിസ്ഥിതി സ്നേഹികളും രണ്ടുമൂന്ന് വർഷം പ്രവർത്തിച്ചിട്ടും ഉണ്ടാക്കാനാകാത്ത ചലനം പത്രത്തിലെ ലേഖനത്തിന് സമൂഹത്തിലുണ്ടാക്കാനായി. എഴുത്തുകാർ കൂട്ടത്തോടെയിറങ്ങിയാൽ എന്തെങ്കിലും ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഇതിലൂടെയുണ്ടായി."
സാഹിത്യത്തിലും ജീവിതത്തിലും ഗുരുവായി കണ്ട എൻ.വി. കൃഷ്ണവാര്യരെ പോയിക്കണ്ടു. ഉള്ളഴിഞ്ഞ പ്രോത്സാഹനമാണ് അദ്ദേഹം നൽകിയത്. സൈലന്റ് വാലിക്കായുളള പോരാട്ടത്തിന് വീര്യത്തോടെയിറങ്ങിയ സുഗതകുമാരിയെയാണ് കേരളം പിന്നീട് കണ്ടത്. ഭർത്താവ് ഡോ. കെ. വേലായുധൻനായർ, എൻ.വി, ഒ.എൻ.വി, വിഷ്ണുനാരായണൻ നമ്പൂതിരി എന്നിവർക്കൊപ്പം സുഗതകുമാരി സൈലന്റ് വാലി പ്രകൃതി സംരക്ഷണ സമിതിക്ക് രൂപം നൽകി. പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടി, ജീവന്റെ നിലനിൽപിന് വേണ്ടി- ഇതായിരുന്നു സമിതിയുടെ മുദ്രാവാക്യം. 1980 ജൂൺ ആറിന് വി.ജെ.ടി ഹാളിൽ ഒരു സമ്മേളനം വിളിച്ച് സൈലന്റ് വാലി പോരാട്ടത്തിന് തുടക്കമിട്ടു.
ഇതിന് ശേഷം പ്രകൃതി ചൂഷണത്തിനെതിരായ കവിതകളുടെ ഒഴുക്കായിരുന്നു മലയാളത്തിൽ. ഒ.എൻ.വി "ഭൂമിക്കൊരു ചരമഗീത"വും അയ്യപ്പപ്പണിക്കർ "കാടെവിടെ മക്കളെ"യും സുഗതകുമാരി "മരത്തിനു സ്തുതി"യും എഴുതി. തെരുവുനാടകങ്ങളും ബോധവത്കരണ സെമിനാറുകളും കവിയരങ്ങുകളുമായി സുഗതകുമാരി കേരളം മുഴുവൻ ഒാടിനടന്നു. മരത്തിനോടും കാടിനോടുമുള്ള സുഗതകുമാരിയുടെ പ്രേമത്തെ പരിഹസിച്ച് നിരവധി കാർട്ടൂണുകൾ പുറത്തിറങ്ങി. സുഗതകുമാരി വികസനത്തിന് എതിരാണെന്നു പറഞ്ഞ് രാഷ്ട്രീയക്കാർ ആക്രമിച്ചു.
സൈലന്റ് വാലി തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെപ്പറ്റി 'സഹ്യഹൃദയ'ത്തിന്റെ 'സമർപ്പണ'ത്തിൽ സുഗതകുമാരി പറയുന്നതിങ്ങിനെയാണ്." '1978 '79 കളിൽ സൈലന്റ് വാലി എന്റെ ജീവിതത്തിലേക്ക് ഒരിരമ്പലോടെ കടന്നുവന്നു. ആദ്യാനുരാഗം പോലെ തീവ്രവും ദുഃഖമയവും മധുരവും ആശങ്കാകുലവുമായ ഒരനുഭവം. അതോടെ എന്റെ ജീവിതം മാറിമറിഞ്ഞു. പ്രകൃതി അവളുടെ സർവപ്രഭാവത്തോടുംകൂടി എന്റെ ജീവിതത്തിൽ കടന്നുകയറി പീഠമിട്ടിരിപ്പായി. അതോടെ എന്റെ മനസുമാറി, കവിത മാറി, സ്വപ്നങ്ങൾ മാറി, ആദർശങ്ങൾ മാറി, ലക്ഷ്യങ്ങൾ മാറി. ഈ പുതിയ മതം എന്നെ മാത്രമല്ല. ആ തലമുറയിലെ ഏറെപ്പേരെയും പിടിച്ചുകുലുക്കി.''
സൈലന്റ് വാലി പ്രക്ഷോഭം ഏറ്റെടുക്കും മുമ്പും അവർ പ്രകൃതിയെപ്പറ്റി കവിതകൾ എഴുതിയിട്ടുണ്ട്. 'വർഷമയൂരം' 1958ലും 'ഒരു മറുനാടൻ കിനാവ് ' 1962ലും എഴുതിയവയാണ്.
സർവസാധാരണമായ തുമ്പ മുതൽ അത്യപൂർവമായ സ്വർണമുഖിവരെയുള്ള സസ്യങ്ങൾ, അണുവായ ഉറുമ്പു മുതൽ മഹത്തിലും മഹത്തായ ആന വരെ, നിത്യഹരിതവനങ്ങൾ മുതൽ ഉഴുതുമറിച്ച വയലുകൾ വരെ... എല്ലാം സുഗതകുമാരിയുടെ കവിതകളിൽ കാണാം. പരിസ്ഥിതി സ്നേഹം അവരുടെ കവിമനസിൽ മാത്രമല്ല വ്യക്തിബോധത്തിലും വൻമാറ്റങ്ങളുണ്ടാക്കി.
മഹാപ്രളയമുൾപ്പെടെ പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിച്ച കണ്ണീർക്കടലിൽ കേരളം നിൽക്കുമ്പോൾ ഒരു പ്രവചനം പോലെ സുഗതകുമാരി എഴുതിയ ആ വരികൾ ഓർക്കാം. 2014ൽ എഴുതിയ 'പശ്ചിമഘട്ടം' എന്ന കവിതയിലെ പൊള്ളിക്കുന്ന വരികൾ:
കല്ലും മരവും പ്രളയവുമായ്
അന്ത്യപ്രഹരമായാർത്തിറങ്ങീടവേ
നൊന്തുപായുന്നതെങ്ങോട്ടു നമ്മൾ?.