ഒരു പാട് കാര്യങ്ങൾ മുന്നിലുണ്ട്. ജീവിതം എത്രകാലമെന്നറിയില്ല. 86 വയസിനിടെ ഒരുപാട് ദുഃഖങ്ങൾ, കൊച്ചുകൊച്ചു സന്തോഷങ്ങൾ, അസുഖങ്ങൾ എല്ലാം അനുഭവിച്ചു. ദുഃഖത്തിനും സുഖത്തിനും സന്തോഷത്തിനും നന്ദി. എത്രയും വേഗം മടങ്ങാനാണ് ആഗ്രഹം''- മലയാള
ത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ഇങ്ങനെ പറഞ്ഞത് കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു. സുഗതകുമാരിയുടെ മാനസപുത്രിയായ 'അഭയ'യിൽ അന്ന് അന്തേവാസികൾ ഒരുക്കിയ പിറന്നാൾ ആഘോഷത്തിനൊപ്പം ടോംയാസ് പുരസ്കാര ദാന ചടങ്ങ് കൂടി നടന്നു . കവിത കൊണ്ട് മണ്ണിനും മനുഷ്യനും വേണ്ടി കലഹിച്ച കവയിത്രി ഒടുവിൽ മരണത്തിനൊപ്പം പോകാൻ തയ്യാറെടുത്തിരുന്നു.
'വളരെ അടുത്തുവെന്ന് തോന്നുന്നു. സമയമായി. ഇപ്പോൾ രണ്ടാമതും ഹാർട്ട് അറ്റാക്ക് കഠിനമായി വന്നു. ഒരു ലക്ഷണവും ഇല്ലാതെ പെട്ടെന്ന്. മരണവേദന എന്തെന്ന് ആദ്യമായി ഞാനറിഞ്ഞു. ഒടുവിലത്തെ ഹൃദയാഘാതം വളരെ വേദനാജനകമായിരുന്നു. ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക് ഇടിച്ചിടിച്ച് ഇറക്കുന്നതുപോലുള്ള വേദന. ശ്വാസംമുട്ട്. ഇരിക്കാനും കിടക്കാനും വയ്യ. വിയർത്തൊലിച്ച് കണ്ണുകാണാൻ പോലുമായില്ല. അതിനുശേഷം ഞാനങ്ങോട്ട് ശരിയായിട്ടില്ല. വർത്തമാനം പറയാനും വയ്യ..' 2019ലെ ജൂണിൽ ഉണ്ടായ ഹൃദയാഘാതത്തെ കുറിച്ച് പിന്നീടൊരിക്കൽ ഇങ്ങനെയാണ് പറഞ്ഞത്.
''വയ്യ, കുഞ്ഞേ... പുറത്തോട്ടൊന്നും പോകാറില്ല. നടക്കാൻ തന്നെ ആരെങ്കിലും സഹായിക്കണം. ഇവിടെ ഒരു സഹായി ഉണ്ട്. പിടിച്ചിരുത്തുന്നതും എഴുന്നേൽപ്പിക്കുന്നതും അവളാണ്.''- വിറയലോടെ അവ്യക്തമായി സംസാരിച്ചത് കുറച്ചു നാൾ മുമ്പു മാത്രമാണ്.
എന്റെ വഴിയിലെ വെയിലിനും നന്ദി,
എന്റെ ചുമലിലെ ചുമടിനും നന്ദി.
എന്റെ വഴിയിലെ തണലിനും,മര
ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി.
വഴിയിലെ കൂർത്ത നോവിനും നന്ദി,
മിഴി ചുവപ്പിച്ച സൂര്യനും നന്ദി... ഒടുവിൽ നന്ദി പറഞ്ഞ് പ്രിയ കവയിത്രി മടങ്ങി. പൂക്കളില്ലാതെ പുലരിയില്ലാതെ ഏകയായ്..
ശബ്ദിക്കാൻ ആവതുണ്ടായ കാലം വരെ പ്രകൃതിക്കു വേണ്ടി, പെണ്ണിനു വേണ്ടി, ഭാഷയ്ക്കു വേണ്ടി കലഹിച്ചു. വിവാദ വിഷയങ്ങളിൽ സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ പുതിയ തലമുറയിലെ സമൂഹമാദ്ധ്യമ പോരാളികൾ അവർക്കെതിരെ തിരിഞ്ഞപ്പോഴും സംയമനത്തോടെ പ്രതികരിച്ചു. ''എന്നെ അറിഞ്ഞു കൂടാത്തവരാണ് ആക്ഷേപിക്കുന്നത്, അത് സാരമില്ല. പെൺകുട്ടികൾക്കു വേണ്ടി ഞാൻ എന്തു ചെയ്യുന്നുവെന്ന് ശകാരിക്കുന്നവർക്ക് അറിയാമോ? അവരറിയുന്നില്ല. സുഗതകുമാരിയുടെ സ്ത്രീവിരുദ്ധതയെ പറ്റി പറയുന്നവർക്ക് 'അഭയ' യെ കുറിച്ച് അറിയാമോ?'' എന്നു ചോദിച്ചു. ആ ചോദ്യത്തിന്റെ മറുപടി തേടന്നവർ സുഗതകുമാരിക്കു നേരെ വിരൽ ചൂണ്ടില്ല.
2019ലെ തിരുവോണ നാളിൽ മലയാളത്തിനു വേണ്ടി പി.എസ്.സി ആസ്ഥാനത്തിനു മുന്നിൽ ഉപവാസസമരമിരിക്കാൻ ടീച്ചർ തയ്യാറായി. 'എനിക്ക് ഓണമൊന്നും ഇല്ല. ദേഹസുഖവും മനഃസുഖവുമില്ല. സത്യത്തിനു വേണ്ടിയുള്ള ഈ സമരം ഒത്തു തീർപ്പാക്കാൻ മുഖ്യമന്ത്രി വിചാരിച്ചെങ്കിൽ കഴിയുമായിരുന്നു.' ഭാഷയ്ക്കു മാത്രമല്ല മലയാള നാടിനു പോലും ഭരണാധികാരികളിൽ നിന്ന് നീതി ലഭിച്ചിട്ടില്ലെന്ന സങ്കടവും അന്ന് കവയിത്രി പങ്കുവച്ചു. കേരളത്തിന്റെ ചിഹ്നം ജെ.സി.ബിയാക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടത് പ്രകൃതിയെ ദ്രോഹിക്കാൻ കൂട്ടു നിൽക്കുന്ന ഭരണവർഗത്തിന്റെ കണ്ണു തുറപ്പിക്കാനായിരുന്നു.
പുത്തുമല ദുരന്തം ഉണ്ടായപ്പോൾ സുഗതകുമാരി എഴുതി ''...നമ്മുടെ നാടിന്റെ ചിഹ്നം മണ്ണുമാന്തിയന്ത്രമായിട്ട് വർഷം കുറെയായി. തൂക്കായ കയറ്റങ്ങൾ കയറിച്ചെന്ന് മലയിടിച്ച് പാറപൊട്ടിക്കാനും പൊടിച്ച് ലോറികളിൽ കയറ്റാനും മലഞ്ചെരിവുകളിൽ കുഴികളെടുത്ത് റബ്ബർനടാനും ടൂറിസ്റ്റുകൾക്കുവേണ്ടി ആകർഷകമായ റിസോർട്ടുകൾ പണിയാനും തടയണകളുണ്ടാക്കി ചോലകൾ തിരിച്ചുവിടാനും റോഡുനിർമിക്കാനും മണ്ണെടുത്ത് ലോറിയിൽ നിറയ്ക്കാനും കുന്നിടിച്ച് നിരപ്പാക്കാനും മണൽവാരാനും മരം ഇളക്കിമറിക്കാനും മാത്രമല്ല, ഈ യന്ത്രങ്ങളെക്കൊണ്ട് ആവശ്യം. ഇടിഞ്ഞുവീണ വീടുകളുടെയും മറ്റും കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊക്കിമാറ്റാനും ഉരുൾപൊട്ടലിൽ ഒഴുകിവന്ന പാറകൾ നീക്കിയിടാനും ചെളിക്കൂമ്പാരങ്ങൾക്കടിയിൽ നിന്ന് ജഡങ്ങൾ മാന്തിയെടുക്കാനുമെല്ലാം ഇനിയും നമുക്ക് ജെ.സി.ബി.കൾ വേണം. അതുകൊണ്ടാണ് കേരളത്തിന്റെ ചിഹ്നം ആനയും ശംഖും തെങ്ങുമൊന്നുമല്ല, മണ്ണുമാന്തി യന്ത്രം തന്നെയാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്.''