തിരുവനന്തപുരം: കൊവിഡ് വാക്സിന് കേന്ദ്ര സർക്കാർ പണം ഈടാക്കിയാലും ഇല്ലെങ്കിലും കേരളത്തിൽ അത് സൗജന്യമായി തന്നെ നൽകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. ഒരു മലയാളം വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ വാക്സിൻ സൗജന്യമായി തന്നെ നല്കുകയാണെങ്കിൽ അത് നല്ലതാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് വാക്സിന്റെ കൂടുതൽ ഷെയറിന് അർഹതയുണ്ടെന്നും കേന്ദ്രം അക്കാര്യം പരിഗണിക്കുമെന്നാണ് താൻ കരുതുന്നതെന്നും ആരോഗ്യമന്ത്രി പറയുന്നു. വാക്സിൻ ലഭിച്ചാൽ അടുത്ത ദിവസം തന്നെ വിതരണം ആരംഭിക്കുമെന്നും വാക്സിന് നല്‍കേണ്ടവരെ സംബന്ധിച്ച മുന്‍ഗണനാ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഐസിഎംആര്‍ ഗൈഡ് ലൈന്‍ അനുസരിച്ചായിരിക്കും വാക്സിന് വിതരണം ചെയ്യുകയെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ നാലു ജില്ലകളിൽ ഇന്ന് ഡ്രൈ റൺ നടന്നു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് ഡ്രൈ റൺ നടന്നത്. തിരുവനന്തപുരത്ത് പേരൂർക്കട ജില്ലാ ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മേൽനോട്ടത്തിലാണ് ഡ്രൈ റൺ നടന്നത്. സംസ്ഥാനത്ത് വാക്സിനേഷന് ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്.