കൊച്ചി: മദ്ധ്യകേരളത്തിൽ തദ്ദേശതിരഞ്ഞെടുപ്പിൽ ഇടത് മുന്നണി നേട്ടമുണ്ടാക്കിയത് ജോസ് കെ മാണി വന്നതുകൊണ്ടല്ലെന്ന് സിറോമലബാർ സഭ. വെൽഫെയർ പാർട്ടി ബന്ധം വഴി യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്ടമായതുകൊണ്ടാണതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. യുഡിഎഫ്- വെൽഫെയർ പാർട്ടി ബന്ധം വഴി മതേതരമുഖം യുഡിഎഫ് നഷ്ടപ്പെടുത്തി.
കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂർണമാകും. കോൺഗ്രസ് ലീഗിന് കീഴടങ്ങി. യുഡിഎഫിന്റെ മതനിരപേക്ഷതയുടെ മുഖം നഷ്ടമായെന്ന ജനങ്ങളുടെ തോന്നൽ അങ്ങനെ ഇടത് മുന്നണിക്ക് നേട്ടമായി.ന്യൂനപക്ഷ വോട്ടുകൾ ഇടതിന് ലഭിക്കാൻ കാരണം ജോസ്.കെ.മാണിയുടെ നിലപാടുകൊണ്ടാണെന്ന് ഇടത് മുന്നണി പോലും കരുതില്ലെന്ന് സത്യദീപത്തിലെ എഡിറ്റോറിയൽ ലേഖനത്തിൽ പറയുന്നു.
സ്വർണക്കടത്ത് ആരോപണങ്ങൾ ഫലപ്രദമായി പ്രതിരോധിച്ചും ക്ഷേമ പെൻഷനുകൾ നൽകിയും,ഭക്ഷ്യകിറ്റ് വിതരണം വഴിയും, കൊവിഡ് പ്രതിരോധത്തിലൂടെയും സർക്കാർ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന് തെളിയിക്കാൻ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിനായി. എന്നാൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം ചില മാദ്ധ്യമങ്ങൾക്ക് വിട്ടുനൽകി ഒഴിഞ്ഞൊതുങ്ങി. ലേഖനത്തിൽ പറയുന്നു. ജയ് ശ്രീറാം ബാനർ ഉയർത്തിയതോടെ ബിജെപിയുടെ മതേതര മമത കപടമാണെന്ന് തെളിഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ കുത്തകയല്ല വികസനം എന്നത് 20-20യുടെ മാതൃകകൾ തിരഞ്ഞെടുപ്പിൽ തെളിയിച്ചെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.