ഇന്നലെ അന്തരിച്ച കവി അനിൽ പനച്ചൂരാനെപ്പറ്റി ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പുമായി സംവിധായകൻ ലാൽ ജോസ്. അനിൽ പനച്ചൂരാന് മലയാള സിനിമയിലേക്ക് വാതിൽ തുറന്നിട്ട അറബിക്കഥ എന്ന സിനിമയിലേക്കുളള അദ്ദേഹത്തിന്റെ കടന്നുവരവും തുടർന്നുളള സൗഹൃദവുമാണ് ലാൽജോസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.
മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലത്ത് തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത ലാൽ ജോസിനോട് ചൊല്ലിക്കൊടുത്തു. ആദ്യ കേൾവിയിൽ തന്നെ കവിതയിൽ താത്പര്യം തോന്നിയ ലാൽജോസ് പനച്ചൂരാനെ കാണണമെന്ന് താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം കൈയിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ വന്ന കവിയെ സംവിധായകൻ ഓർത്തെടുക്കുന്നു.
അനിലിനെപ്പറ്റിയുളള ആശങ്കകൾ കണ്ട നാൾ മുതൽ തന്റെ കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അനിൽ പനച്ചൂരാന് അവസരങ്ങൾ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചുവെന്നും ജിമിക്കി കമ്മൽ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറിയെന്നും ലാൽജോസ് പറയുന്നു. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് തന്റെ ആലോചനയിൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പനച്ചൂരാൻ കവിതയുടെ ഔഷധഗുണം ആദ്യമറിയുന്നത് ഷൊർണ്ണൂർ ആയുർവേദ സമാജത്തിൽ ചികിത്സയിലിരിക്കുമ്പോഴാണ്. മുല്ലയുടേയും അറബിക്കഥയുടേയും ചർച്ചകൾ പുരോഗമിക്കുന്ന കാലം. തിരക്കഥാകൃത്ത് സിന്ധുരാജ് വീര്യമുളള ഒരു കവിത എനിക്ക് ചൊല്ലിതന്നു. ആദ്യ കേൾവിയിൽതന്നെ ആ വരികളുടെ ഇഴയടുപ്പമുളള വലക്കണ്ണികളിൽ പെട്ടു പോയതിനാൽ കവിയെ ഒന്ന് കാണണം എന്ന് തോന്നി. സിന്ധു ഉടൻ കായംകുളത്തേക്ക് ചാത്തൻമാരെ അയച്ചിട്ടുണ്ടാകണം.
അടുത്ത ദിവസം ഉച്ച നേരത്ത്, കയ്യിൽ ചുരുട്ടിപിടിച്ച പോളിത്തിൻ കവറുമായി യാത്രാക്ഷീണത്തോടെ ഒരു അവധൂതൻ ആശുപത്രിമുറിയുടെ വാതിലിൽ മുട്ടി. വന്ന് കേറിയത് അക്ഷരകലയുടെ തീപ്പൊളളലേറ്റ ഒരാത്മാവാണെന്ന് ഒറ്റനോട്ടത്തിലേ ബോധ്യപ്പെട്ടു. ഇടതടവില്ലാതെ ഒഴുകിയ പനച്ചൂരാൻ കവിതയുടെ രണ്ട് പകലിരവുകൾ പിന്നിട്ടപ്പോൾ മലയാളസിനിമയിൽ പനച്ചൂരാനായി ഒരു കസേര നീക്കിയിട്ടു കൊടുക്കാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി. പിന്നീടുളളത് ചരിത്രം. ചോരവീണ മണ്ണിൽ നിന്നുയുർന്നു വന്ന പൂമരത്തെ മലയാളിയും മലയാള സിനിമയും ഏറ്റെടുത്തത് എത്രവേഗമാണ്. അറബിക്കഥയിലെ പാട്ടുകൾ അറബിക്കടലോളം അവസരങ്ങൾ കവിക്ക് മുന്നിൽ തുറന്നിട്ടു. പാട്ടിന്റെ കടലിലേക്ക് പനച്ചു ഒഴുകി.
തിരക്കുകൾക്കിടയിൽ കൂട്ടിമുട്ടിയപ്പോഴൊക്കെ കവിതകൊണ്ട് എന്നെകെട്ടിയിട്ട സദിരുകൾ. എന്റെ പ്രയാസദിനങ്ങളിൽ ഔഷധമാക്കാനായി അവന്റെ പാടലുകൾ ഞാനെന്റെ ഫോണിന്റെ വീഡിയോ ഗ്യാലറികളിൽ നിറച്ചുസൂക്ഷിച്ചിട്ടുണ്ട്.
ഓണപ്പുടവക്ക് തീപിടിച്ചിട്ടും വാടകവീടിന്റെ വാതിലുവിറ്റ് ജീവിക്കുന്ന സുഹൃത്തിനെക്കുറിച്ചുളള ആശങ്കകൾ അവനെ കണ്ട നാൾ മുതൽ എന്നും കൂടെ ഉണ്ടായിരുന്നു. അടുത്തിടെയായി അവസരങ്ങൾ അവനെ കടന്ന് പോകുന്നുവെന്നും കായംകുളത്ത് പ്രയാസങ്ങൾ പെരുകുന്നുവെന്നും അറിഞ്ഞപ്പോൾ ഒരു രണ്ടാം വരവ് കൊടുക്കണേയെന്ന പ്രാർത്ഥനയോടെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എഴുതാൻ വിളിച്ചു, ജിമിക്കി കമ്മൽ എല്ലാ റിക്കോർഡുകളും തകർത്ത് മുന്നേറി. വീണ്ടും ഒരു പനച്ചൂരാൻ പാട്ട് എന്റെ ആലോചനയിൽ ഉണ്ടായിരുന്നു. നമുക്ക് ആലോചിക്കാനല്ലേ സാധിക്കൂ,ഒന്നും പറയാതെ അവനങ്ങ് പോയി !!
സ്വർഗ്ഗത്തിലിപ്പോൾ നീ സദിരു തുടങ്ങിയിട്ടുണ്ടാകുമെന്നറിയാം. അവിടുത്തെ യക്ഷകിന്നരൻമാർ കൂടി ഇനി ചോര വീണമണ്ണിൽ നിന്ന് എന്ന പാട്ട് മൂളുമായിരിക്കും. ഒരിക്കൽ ചുണ്ടിൽ കേറിയാൽ പിന്നെ ഇറങ്ങിപോകാത്ത വിധം വരികൾ കൊത്തിവക്കുന്ന തച്ചനാണല്ലോ നീ. അക്ഷരകലയുടെ അദ്ഭുതമേ നിനക്ക് മുന്നിൽ ഞാൻ നിറകണ്ണോടെ കൈ കൂപ്പുന്നു. പ്രണാമം.
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS:LALJOSE,ANIL PANACHOORAN,MALAYALAM FILM INDUSTRY
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.