തിരുവനന്തപുരം: വിദേശസഹായ നിയന്ത്രണ ചട്ടം ലംഘിച്ച കേസിൽ കുരുങ്ങിയ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ്. തൃശൂർ എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധർ, ക്വാളിറ്റി കൺട്രോളർ (എറണാകുളം), പി.ഡബ്ല്യു.ഡി ബിൽഡിംഗ് എക്സിക്യൂട്ടിവ് എൻജിനിയർ (തൃശൂർ) തുടങ്ങിയവരടങ്ങുന്ന സംഘം ഇന്നു രാവിലെ 10 മുതൽ ബലപരിശോധന നടത്തും. ഫ്ലാറ്റ് നിർമ്മിച്ചത്, വൻകിട നിർമ്മാണത്തിന് അനുയോജ്യമല്ലാത്ത ചരിവുള്ള ഭൂമിയിലാണെന്നും ഫ്ലാറ്രിനു ചുറ്റും ഫയർഫോഴ്സ് വാഹനം കടന്നുപോകാനുള്ള സ്ഥലമില്ലെന്നുമൊക്കെ ആരോപണം ഉയർന്നിരുന്നു. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തും. തൃശൂർ എൻജിനിയറിംഗ് കോളേജിലായിരിക്കും കോൺക്രീറ്റ് പരിശോധിക്കുക. യു.എ.ഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കിയാണ് 140 ഫ്ളാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നാണു കരാർ. ഫ്ലാറ്ര് നിർമ്മാണ കരാർ ലഭിക്കാൻ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്നു യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ മൊഴിനൽകിയിരുന്നു. വിജിലൻസിനു പുറമെ സി.ബി.ഐയും ലൈഫ് അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.