എടവണ്ണ: കഞ്ചാവുചെടി വളർത്തിയതിന് വെസ്റ്റ് ബംഗാൾ സ്വദേശി ചന്തൻ ഭയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവുചെടി വളർത്തി ചിത്രം ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്തത് ശ്രദ്ധയിൽപ്പെട്ട ബിൽഡിംഗ് ഉടമകളാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് എടവണ്ണ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
എടവണ്ണ വി പി ലോഡ്ജിലാണ് പ്രതി താമസിക്കുന്നത്. ഫേസ് ബുക്കിലെ ചിത്രം കണ്ട് സംശയം തോന്നിയ ബിൽഡിംഗ് ഉടമകൾ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവുചെടി ശ്രദ്ധയിൽപ്പെട്ടത്.
എടവണ്ണ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി. വിജയരാജന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പ്രദേശത്ത് കൂടുതൽ പരിശോധന നടത്തി. ഒന്നര മീറ്ററോളം നീളം വരുന്ന കഞ്ചാവുചെടിയാണ് പോലീസ് കണ്ടെത്തിയത്. ഇയാളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് സി പി ഒ മനേഷ്, സാബിറ, സി പി ഒ മുഹമ്മദ് കുട്ടി, ഹോംകാർഡ് ബാലകൃഷ്ണൻ തുടങ്ങിയവരും പരിശോധനയിൽ ഉണ്ടായിരുന്നു.