കൊച്ചി: വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്ന അയ്യപ്പ പണിക്കരുടെ പ്രശസ്തമായ വരികൾ ഹൈക്കോടതി വിധിയിലും ഇടം നേടി. കള്ളനെന്നു വിളിച്ചതിനു രണ്ടുപേരെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി മഞ്ചേരി സ്വദേശി അബ്ദുൾ റഹൂഫിന് വിചാരണക്കോടതി വിധിച്ച തടവുശിക്ഷ റദ്ദാക്കിയ വിധിയിലാണ് സിംഗിൾബെഞ്ച് പ്രശസ്തമായ കവിത ചേർത്തുവച്ചത്. മഞ്ചേരിയിലെ ബാവ ഹാജി എന്ന വ്യക്തിയുടെ മോട്ടോർപമ്പ് മോഷണം പോയതാണ് കേസിനാധാരം. മോട്ടോർ മോഷ്ടിച്ചത് റഹൂഫാണെന്ന് ആരോപിച്ച മഞ്ചേരി സ്വദേശികളായ സക്കീർ, ജാഫർ എന്നിവരെ റഹൂഫ് 2003 ജൂൺ ആറിന് രാത്രി എട്ടരയോടെ കുത്തിപ്പരിക്കേൽപിച്ചെന്നാണ് കേസ്. വിചാരണക്കോടതി റഹൂഫിന് മൂന്നുവർഷം തടവും 1000 രൂപ പിഴയും വിധിച്ചു. അതിനെതിരെ റഹൂഫ് ഹൈക്കോടതിയിൽ നിൽകിയ അപ്പീലിൽ, നാട്ടിലെങ്ങും താൻ കള്ളനാണെന്ന് ജാഫറും സക്കീറും പറഞ്ഞു പരത്തിയെന്ന് പറയുന്നു. എന്നാൽ ജാഫറിനെയും സക്കീറിനെയും ആക്രമിച്ചെന്നു പറയുന്ന സംഭവത്തിൽ റഹൂഫിനു നേരെയും ആക്രമണമുണ്ടായെന്നും ഇരുമ്പു പൈപ്പ് കൊണ്ടുള്ള അടിയിൽ ഇയാൾക്ക് പരിക്കേറ്റെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു. ഇക്കാര്യം പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ലെന്നും പ്രോസിക്യൂഷൻ പറയുന്ന തരത്തിലല്ല സംഭവമെന്നും ഹൈക്കോടതി വിലയിരുത്തി. തുടർന്നാണ് റഹൂഫിനെ വെറുതേവിട്ടത്.