ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിന്റെ പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ മുതിർന്ന നേതാക്കളെ രംഗത്തിറക്കി എ.ഐ.സി.സിയുടെ പവർ പ്ലേ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് കേന്ദ്രനിരീക്ഷകരായി എത്തുന്നത്. ഗോവ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫലേറോ, ജി.പരമേശ്വര തുടങ്ങിയ നേതാക്കളെയും കേരളത്തിലേക്കുള്ള മുതിർന്ന നിരീക്ഷകരായി എ.ഐ.സി.സി. നിയോഗിച്ചിട്ടുണ്ട്.
കേരളം കൂടാതെ 2021ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കും മുതിർന്ന നിരീക്ഷകരെ നിയോഗിച്ചട്ടുണ്ട്. ഭൂപേഷ്ഭാഗേലിനും മുകുൾ വാസ്നിക്കിനും ഷക്കീൽ അഹമ്മദ് ഖാനുമാണ് അസമിന്റെ ചുമതല. എം.വീരപ്പമൊയ്ലി, എം.എം പള്ളം രാജു, നിതിൻ റൌത്ത് എന്നിവർക്കാണ് തമിഴ്നാടിന്റെ.യും പുതുച്ചേരിയുടേയും ചുമതല നൽകിയിരിക്കുന്നത്. ബി.കെ. ഹരിപ്രസാദ്, അലാമിഗിർ ആലം, വിജയ് ഇന്ദർ സിഗ്ല എന്നിവർ പശ്ചിമ ബംഗാളിന്റെ ചുമതല വഹിക്കും.