കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെ സുധാകരൻ എം പി. കെ പി സി സി നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി. യു ഡി എഫിനെ നയിക്കുന്നത് ലീഗെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ആസനത്തിൽ ആല് മുളച്ചാൽ തണലെന്ന നിലപാടാണ് പിണറായിക്കുളളതെന്നും സുധാകരൻ പരിഹസിച്ചു.
സ്വർണക്കടത്ത് കേസിൽ സർക്കാർ അലംഭാവം തുടരുകയാണ്. തെളിവ് ഉളളതിനാലാണ് സ്പീക്കർക്കെതിരെ അന്വേഷണം. വെൽഫെയർ പാർട്ടിയുമായി നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യമോ നീക്കുപോക്കോ ഉണ്ടാവില്ല. എന്നാൽ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
മാദ്ധ്യമങ്ങളല്ല യു ഡി എഫിന്റെ പരാജയത്തിന് കാരണം. വേണ്ട കാര്യങ്ങൾ ജനങ്ങളിലെത്തിച്ച് സാഹചര്യം അനുകൂലമാക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞില്ല. ഡി വൈ എഫ് ഐ ആകട്ടെ സർക്കാരിന്റെ കിറ്റുകളും മറ്റും നൽകി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നു. ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പാർട്ടിക്ക് കഴിയണം. ഒരുപാട് പിഴവ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായി. ജയസാദ്ധ്യതയുളളവരെ സ്ഥാനാർത്ഥികളാക്കുന്നത് ഒഴിവാക്കി. മത ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനും കഴിഞ്ഞില്ല. യാഥാർത്ഥ്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനായില്ലെന്നും സുധാകരൻ പറഞ്ഞു.
കോൺഗ്രസിന് ഇനിയൊരു പരാജയം ഏറ്റുവാങ്ങാനാവില്ലെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകണം. സാഹചര്യം അടിച്ചേൽപ്പിച്ച പോരായ്മകളാണ് തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം. കൊവിഡും സാമൂഹ്യ സാഹചര്യവും മൂലം ഭരണവിരുദ്ധ കാര്യങ്ങൾ യു ഡി എഫിന് ജനങ്ങളിലെത്തിക്കാനായില്ല. അധികാരത്തിൽ നാണം കെട്ട് കടിച്ച് തൂങ്ങിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്നും സുധാകരൻ പറഞ്ഞു.