തിരുവനന്തപുരം: മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും കൂടുതൽ നിഷ്പക്ഷരായി നിലകൊള്ളണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗ്ലോബൽ മലയാളി പ്രസ്ക്ലബ്ബിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുക എന്നത് മനുഷ്യസഹജമാണ്. എന്നാൽ മാദ്ധ്യമ പ്രവർത്തകർ ഇതിനതീതമായി നിൽക്കണം. സ്വന്തം കാഴ്ചപ്പാടുകൾക്കൊപ്പം മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ കൂടി പരിഗണിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ തെളിച്ചമുള്ളതാകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ മാദ്ധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയിലും മാദ്ധ്യമ പ്രവർത്തനത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. ഇത്തരം മാറ്റങ്ങൾക്കിടയിലും വിശ്വാസ്യതയും ധാർമ്മികതയും സാമൂഹ്യപ്രതിബദ്ധതയും ഉയർത്തിപ്പിടിക്കാൻ മാദ്ധ്യമങ്ങൾക്കു കഴിയണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ജനാധിപത്യം സംരക്ഷിക്കുന്നതിൽ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷനായ ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. എന്നാൽ മാദ്ധ്യമങ്ങൾ വച്ചുപുലർത്തുന്ന സെൻസേഷണലിസം പലപ്പോഴും മനുഷ്യാവകാശങ്ങളെ മുറിവേൽപ്പിക്കുന്നു. മാദ്ധ്യമപ്രവർത്തകർ ഇതിനെകുറിച്ച് കൂടുതൽ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെടിഡിസി ചെയർമാൻ എം.വിജയകുമാർ, ഗ്ലോബൽ മലയാളി പ്രസ്ക്ലബ് പ്രസിഡന്റ് ജോർജ് കള്ളിവയലിൽ, ജനറൽ സെക്രട്ടറി ജോർജ് കാക്കനാട്ട് എന്നിവർ പ്രസംഗിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എം.ജി രാധാകൃഷ്ണൻ, ജോൺ മുണ്ടക്കയം, പ്രഭാവർമ, കെ.സി രാജഗോപാൽ, എസ്.ആർ ശക്തിധരൻ, ജേക്കബ് ജോർജ്, വി.കെ ചെറിയാൻ, പി.പി ജെയിംസ്, ജി. ശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. വാർത്താ അവതാരക അളകനന്ദ കൃതജ്ഞത രേഖപ്പെടുത്തി.