തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ പുലർത്തിയിരുന്ന അതിജാഗ്രത ജനങ്ങൾ സൗകര്യപൂർവം മറന്ന മട്ടാണ് ഇപ്പോൾ. കൈകൾ ശുചിയാക്കുന്നതിനുളള സാനിറ്റൈസറും സോപ്പും വെളളവും മുൻപ് ചെറിയ ജംഗ്ഷനുകളിൽ പോലുമുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം ഇല്ലാതായി. ഇതോടൊപ്പം നഗരത്തിലെ എ.ടി.എമ്മുകളിൽ പലയിടത്തും കൈകൾ ശുചിയാക്കാനുള്ള സാനിറ്റൈസറുകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ വർഷം മാർച്ചിൽ കൊവിഡ് വ്യാപനം ആരംഭിച്ചതിന് പിന്നാലെ പണത്തിനായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എ.ടി.എമ്മുകളിൽ ബാങ്കുകൾ സ്വന്തം ചെലവിൽ സാനിറ്റൈസറുകൾ സ്ഥാപിച്ചിരുന്നു. അവയാണ് ഇപ്പോൾ പലയിടത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.
എ.ടി.എം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും സാനിറ്റൈസർ ഉപയോഗിക്കാൻ നിർദ്ദേശിക്കുന്ന പോസ്റ്ററുകളും എ.ടി.എം സെന്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സാനിറ്റൈസറുകൾ തീരുന്ന മുറയ്ക്ക് എ.ടി.എമ്മുകളിൽ നിറയ്ക്കാൻ ബാങ്ക് അധികൃതർ ശുഷ്കാന്തി കാണിച്ചിരുന്നു. എന്നാൽ അടുത്തിടെയായി 80 ശതമാനം എ.ടി.എമ്മുകളിലും സാനിറ്റൈസറുകളുടെ ഒഴിഞ്ഞ കുപ്പി മാത്രമാണുള്ളത്. എ.ടിഎം മെഷീനുകൾ ദിവസവും അണുവിമുക്തമാക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നിരിക്കെ സാനിറ്റൈസറുകളും ഇല്ലാതാകുന്നതോടെ കൊവിഡ് വ്യാപന ഭീതിയും ഉയരുകയാണ്.
ചെലവ് കൂടി
എ.ടി.എം ഉപയോക്താക്കൾക്കുള്ള സാനിറ്റൈസറുകൾ ബാങ്കുകൾ സ്വന്തം ചെലവിലാണ് വച്ചിരുന്നത്. സാമ്പത്തിക ബാദ്ധ്യത ഏറിയതോടെയാണ് ബാങ്കുകൾ സാനിറ്റൈസർ സ്ഥാപിക്കുന്നതിൽ നിന്ന് ഒഴിവായതെന്നാണ് സൂചന. ദിവസേന ആയിരക്കണക്കിന് പേരാണ് എ.ടി.എം സെന്ററുകളിലുടെ പണമിടപാട് നടത്തുന്നത്.