ദുബായ്: എസ്.എൻ.ഡി.പി സേവനം യു.എ.ഇയുടെ നേതൃത്വത്തിലുള്ള ശിവഗിരി തീർത്ഥാടനം കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വിർച്വൽ ആയി ദുബായ് കരാമ എസ്.എൻ.ജി ഹാളിൽ നടക്കും. രാവിലെ 9.30 ന് എസ്.എൻ.ഡി.പി യോഗം (സേവനം) യു.എ.ഇ ചെയർമാൻ എം.കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുയോഗം, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിർച്വൽ ആയി ഉദ്ഘാടനം ചെയ്യും.
തീർത്ഥാടന ലക്ഷ്യങ്ങളായ അഷ്ടവിഷയങ്ങളെക്കുറിച്ച് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ, വിജയാനന്ദൻ എന്നിവരും, ഗുരുദർശനത്തിന്റെ പ്രസക്തി കൊവിഡ് കാലത്ത് എന്ന വിഷയത്തിൽ ബിജു പുളിക്കലേടത്തും പ്രഭാഷണം നടത്തും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംഘടനാ കുടുംബാംഗങ്ങൾ കീർത്തനാലാപനം നടത്തും.
എസ്.എൻ.ഡി.പി യോഗം (സേവനം) വൈസ് ചെയർമാൻ ശ്രീധരൻ പ്രസാദ്, സെക്രട്ടറി കെ.എസ്. വാചസ്പതി, യൂത്ത് വിംഗ് കൺവീനർ സാജൻ സത്യ, വനിതാ വിഭാഗം കൺവീനർ ഉഷാ ശിവദാസൻ എന്നിവർ ആശംസകൾ നേരും. രാവിലെ 5.00 ന് ഗണപതിപൂജയോടെയും ധ്വജാരോഹണത്തോടെയും ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 6.00 ന് ധ്വജ അവരോഹണത്തോടെ സമാപിക്കും.
പൊതുയോഗം നടക്കുന്ന ഹാളിലേക്കുള്ള പ്രവേശനം ആരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് നിബന്ധനകൾക്ക് വിധേയമായിരിക്കും. പരിപാടികൾ യു ട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും തത്സമയം കാണുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.