തിരുവനന്തപുരം: പ്രതിപക്ഷത്തിന് പിന്നാലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പി സി ജോർജ് ഇന്ന് സഭയ്ക്ക് പുറത്തും ശ്രദ്ധാകേന്ദ്രമായി. നിയമസഭയിൽ നിന്ന് ഇറങ്ങി സഭാ ഹാളിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്കാണ് പി സി ജോർജ് എത്തിയത്. പ്രതിപക്ഷ നിരയിൽ വന്നിരിക്കാൻ പി സി ജോർജിനെ പി ജെ ജോസഫ് ക്ഷണിച്ചെങ്കിലും ഇല്ലെന്ന് തലയാട്ടി ജോർജ് ക്ഷണം നിരസിച്ചു. എങ്കിലും വിളക്കിൽ ചാരി നിന്ന് പ്രതിപക്ഷ പ്രതിഷേധം അദ്ദേഹം നോക്കിനിന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി ജെ ജോസഫും അടക്കമുളളവർ പി സി ജോർജിനോട് സൗഹൃദം പങ്കിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പി സി ജോർജ് യു ഡി എഫിനൊപ്പം വരുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് സഭയിൽ നിന്നിറങ്ങിയ പി സി ജോർജ് സർക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് അടുത്തേക്ക് എത്തിയത് എന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷനിരയ്ക്ക് ഒപ്പമല്ല സഭ വിട്ടിറങ്ങിയത്. പ്രതിപക്ഷം ഇറങ്ങി പത്ത് മിനിട്ടിന് ശേഷമാണ് ഇറങ്ങിയതെന്നായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് പി സി ജോർജിന്റെ പ്രതികരണം.