തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പിൽ കാര്യമായ ഇടപെടലിന് ഒരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പിൽ മോട്ടോർവാഹനവകുപ്പിന് കാര്യമായ നിയന്ത്രണമില്ലായിരുന്നു. ഓരോ സ്‌കൂളും അവരവരുടെ ഇഷ്‌ടത്തിനനുസരിച്ചാണ് ഫീസ് നിശ്ചയിച്ചിരുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിൽ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാൻ അറിയില്ല. ലൈസൻസ് നേടുന്നവർ വീണ്ടും പരിശീലനം തേടിയശേഷമാണ് വാഹനമോടിക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് സർക്കാർ അടിയന്തിരമായി ഇടപെടുന്നത്.
സ്‌കൂളുകളുടെ ഫീസ് ഏകീകരിക്കാനും പഠനനിലവാരം നിശ്ചയിക്കാനും സർക്കാർ ഇടപെടലുണ്ടാകും. അപകടമുണ്ടാക്കാത്ത നല്ല ഡ്രൈവർമാരെ സൃഷ്‌ടിക്കാൻ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പിക്കുന്നതിനൊപ്പം പഠനനിലവാരം ഉയർത്താനുമാണ് സർക്കാർ നീക്കം. ട്രാൻസ്‌പോർട്ട് കമ്മിഷണർ എം ആർ അജിത്കുമാർ തലവനായ സമിതിയോട് ഈ മാസം മുപ്പതിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിശ്ചയിക്കും. പരിശീലകർക്ക് യോഗ്യതയും പരിശീലനവും ഉറപ്പാക്കും. പരമ്പരാഗത ഡ്രൈവിംഗ് ആശാന്മാർക്ക് ജോലിനഷ്‌മാകാത്ത വിധത്തിലായിരിക്കും പരിഷ്‌കരണം നടപ്പാക്കുക. ഇവർക്ക് മോട്ടോർ വാഹനവകുപ്പിന്റെ ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നൽകും.
തിയറി, പ്രാക്‌ടിക്കൽ ക്ലാസുകൾക്ക് സമയം നിശ്ചയിക്കുന്നതും സമിതിക്ക് മുന്നിലുണ്ട്. കൂടുതൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാകുന്നതോടെ ലൈസൻസ് ടെസ്റ്റിലെ പോരായ്‌മകളും പരിഹരിക്കപ്പെടും. ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത്, ഐഡിടിആർ ജോ ഡയറക്‌ടർ ഡോ പി എം മുഹമ്മദ് നജീബ് എന്നിവരാണ് സമിതി അംഗങ്ങൾ.