വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി യു.എസ് കോൺഗ്രസ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം വ്യാഴാഴ്ച രാത്രി തന്നെ സ്പീക്കർ നാൻസി പെലോസി ഉന്നതതല സംഘവുമായി ചർച്ച ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്.
ഭരണഘടനയിലെ 25-ാം ഭേദഗതിയിലെ നാലാം വകുപ്പ് ഉപയോഗിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടങ്ങുന്ന ക്യാബിനറ്റ് ട്രംപിനെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ജോ ബൈഡൻ അധികാരമേൽക്കാനിരിക്കേ ട്രംപിന് ഇനി രണ്ടാഴ്ച മാത്രമാണ് ഭരണത്തിൽ ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ട്രംപിനെ ഇംപീച്ച് ചെയ്യാൻ യു.എസ് കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ നടപടിക്രമങ്ങൾ പാലിച്ച് കൂടുതൽ വേഗത്തിൽ ഇംപീച്ച്മെന്റ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഹൗസ് ഡെമോക്രാറ്റിക് നേതാവ് കാതറിൻ ക്ലാർക്ക് പറഞ്ഞത്.
"ഭരണഘടനാ പ്രകാരം ചെയ്യേണ്ടത് മൈക്ക് പെൻസ് ചെയ്തില്ലെങ്കിൽ നാൻസി പെലോസി ആവശ്യമായത് ചെയ്യുമെന്ന് ഞാൻ ഉറപ്പിച്ചു പറയാം." അവർ പറഞ്ഞു. ഈ പ്രസിഡന്റിന് ഭ്രാന്തായെന്ന് എല്ലാവർക്കും മനസിലായെന്നും അവർ പറഞ്ഞു.
20ന് ബൈഡൻ സ്ഥാനമേൽക്കുന്നതിനു മുൻപായി ക്യാബിനറ്റ് ട്രംപിനെ പുറത്താക്കണമെന്ന് നാൻസി പെലോസിയും ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാനായി പെൻസിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അവർ വ്യക്തമാക്കി.
കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് റിപബ്ലിക്കൻ പാർട്ടിയ്ക്ക് ഉള്ളിൽ നിന്നു തന്നെ ട്രംപിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പല നേതാക്കളും പരസ്യമായി തന്നെ എതിർപ്പ് പ്രകടിപ്പിച്ചെന്നാണ് വിവരം. അതേസമയം, ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
ട്രംപ് ഭരണകൂടത്തിൽ കൂട്ടരാജി
അതേസമയം, കാപ്പിറ്റോൾ ആക്രമണത്തിന്റെ തുടർച്ചയെന്നോണം ട്രംപിന്റെ നിരവധി ഉദ്യോഗസ്ഥർ രാജിവച്ചു. റിപബ്ലിക്കൻ ഭരണകൂടത്തിലെ വിദ്യാഭ്യാസ, ഗതാഗത സെക്രട്ടറിമാർ, വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ അദ്ധ്യക്ഷൻ, ദേശീയ സുരക്ഷ സഹ ഉപദേഷ്ടാവ്, കാപ്പിറ്റോൾ ഹിൽ പൊലീസ് മേധാവി സ്റ്റീവൻ സണ്ട് തുടങ്ങി ഒമ്പത് മുതിർന്ന ഉദ്യോഗസ്ഥരാണ് രാജിവച്ചത്. അക്രമത്തിൽ ട്രംപിന്റെ പങ്ക് നീതിന്യായ വകുപ്പ് അന്വേഷിക്കുന്നുണ്ട്.