കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിലെ സീസണിലെ ഏകമലയാളി ക്ളബ് ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ മത്സരത്തിൽ തോൽവി. ഇന്നലെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്.സിയാണ് ഗോകുലത്തെ കീഴടക്കിയത്.
മൂന്നാം മിനിട്ടിൽഗോകുലത്തിന്റെ ഡെന്നി അന്റ്വിയുടെ ഗോളോടെയാണ് കളി തുടങ്ങിയത്. 27-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടിയിലൂടെ സ്ക്രീയേൽ കളി സമനിലയിലാക്കി. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞപ്പോൾ 50-ാം മിനിട്ടിൽ നാഗപ്പൻ ചെന്നൈയ്ക്ക് ലീഡ് നൽകി. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ പഞ്ചാബ് എഫ്.സിയും മുഹമ്മദൻസ് സ്പോർട്ടിംഗും വിജയം നേടി. ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂഡൽഹി സുദേവ എഫ്.സിയെയാണ് മുഹമ്മദൻസ് തോൽപ്പിച്ചത്. 58-ാം മിനിട്ടിൽ ഫൈസൽ അലിയാണ് സ്കോർ ചെയ്തത്. പഞ്ചാബ് എഫ്.സി മുൻ ചാമ്പ്യന്മാരായ ഐസ്വാൾ എഫ്.സിയെ ഇതേ മാർജിനിൽ പരാജയപ്പെടുത്തി.18-ാം മിനിട്ടിൽ പ്രീതം സിംഗിന്റെ വകയായിരുന്നു വിജയഗോൾ.