ഉദ്ഘാടനം നടത്തുന്നതിന് മുൻപേ വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തതിന് 'വി ഫോർ കൊച്ചി' പ്രവർത്തകരെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചതിൽ വിയോജിച്ച് ചലച്ചിത്ര സംവിധായകനും നടനുമായ ജോയ് മാത്യു. മുഖ്യമന്ത്രി അത്തരത്തിൽ പലതും പറയുമെന്നും ഇത്തരം 'ഇഡിയോട്ടിക്' ആയ കാര്യങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നുമാണ് നടൻ പറയുന്നത്. ഒരു മലയാളം സ്വകാര്യ വാർത്താ ചാനലിനോടാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
പിണറായി വിജയൻ എന്ത് പറയുന്നു എന്നത് താൻ കാര്യമാക്കാറില്ലെന്നും താൻ പറയുന്നത് പിണറായി വിജയൻ ശ്രദ്ധിക്കുന്നുണ്ടോ എന്നതാണ് തന്റെ വിഷയമെന്നും ജോയ് മാത്യു പറഞ്ഞു.
മുഖ്യമന്ത്രി 'മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നയാളാണ്. അദ്ദേഹം അങ്ങനെ പലതും പറയും. വിദ്യാഭ്യാസവും വിവരവും ജനാധിപത്യബോധവുമുള്ള ചെറുപ്പക്കാർ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് വൈറ്റില മേൽപ്പാലം തുറന്നുകൊടുത്തത്. ജോയ് മാത്യു പറഞ്ഞു.
'പാലത്തിന്റെ ഉദ്ഘാടനം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും ഔപചാരിക 'ഉദ്ഘാടന മഹാമഹങ്ങളോട്' തനിക്ക് യോജിപ്പില്ലെന്നും നടൻ പറയുന്നു. 'കോടികളുടെ ചിലവാണ് ഔപചാരിക ഉദ്ഘാടനത്തിന്റെ പത്രപ്പരസ്യത്തിന് മാത്രമായി ചിലവ് വരുന്നത്. ഉദ്ഘാടന മഹാമഹം എന്നൊക്കെ പറയുന്നത് രാജാവിന്റെ കാലത്തുള്ള ഫയൂഡൽ ആചാരങ്ങൾ ആണ്.'-നടൻ പറഞ്ഞു.
'ട്വന്റി ട്വന്റി', 'വീ ഫോർ കൊച്ചി' തുടങ്ങിയ കൂട്ടായ്മകൾ സമൂഹത്തിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന കാലമാണിതെന്നും ഇത്തരത്തിലുള്ള ചെറിയ മുന്നേറ്റങ്ങളെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും ജോയ് മാത്യു വ്യക്തമാക്കി. വ്യവസ്ഥിതിയുടെ ഇരുമ്പു ചട്ടയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന പാർട്ടികളിൽ ജനാധിപത്യത്തിന് സ്ഥാനമില്ലെന്നും അതിനാൽ അത്തരം പാർട്ടി സംവിധാനങ്ങളോടും സംവിധാനത്തോടും തനിക്ക് യോജിപ്പില്ലെന്നും നടൻ വിശദീകരിച്ചു.
പാലം തുറന്നുകൊടുത്തതിലൂടെ കുത്തിത്തിരിപ്പുണ്ടാക്കി ശ്രദ്ധ നേടാനാണ് 'വി ഫോർ കൊച്ചി' പ്രവർത്തകർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വികസനം മികവോടെ പൂർത്തിയാക്കിയതിൽ ചിലർക്ക് അസ്വസ്ഥതയുണ്ടെന്നും പ്രതിസന്ധി ഘട്ടങ്ങളിലൊന്നും ഇക്കൂട്ടരെ കാണാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപെടുത്തിയിരുന്നു. പാലാരിവട്ടം പാലം തകർന്നപ്പോൾ ഇവർ ഒന്നും മിണ്ടിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.