ബംഗളൂരു: കർണാടകയിലെ കർഷകരിൽ നിന്നും താങ്ങുവിലയേക്കാൾ കൂടുതൽ പണം നൽകി നെല്ല് സംഭരിക്കാൻ കരാറൊപ്പിട്ട് റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്. റായ്ചൂർ ജില്ലയിലെ കർഷകരുമായിട്ടാണ് കരാർ ഒപ്പിട്ടത്. രാജ്യത്ത് വിളകൾ സംഭരിക്കുന്നതിനായി ഒരു കോർപ്പറേറ്റ് കമ്പനി കർഷകരുമായി നേരിട്ട് ഏർപ്പെടുന്ന ആദ്യത്തെ കരാറാണിത്.
1100 ത്തോളം കർഷകരാണ് സംഘത്തിലുള്ളത്.ക്വിന്റലിന് 1868 രൂപയായിരുന്നു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില. ഇതിനേക്കാൾ 82 രൂപ കൂടുതൽ നൽകി 1000 ക്വിന്റൽ നെല്ല് സംഭരിക്കുമെന്നാണ് കരാർ. വെയർ ഹൗസിൽ സൂക്ഷിച്ച അരി വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കർശന ഉപാധികളോടെയാണ് കമ്പനി കരാറിലേർപ്പെട്ടതെന്ന് സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞമാസമാണ് കർണാടകത്തിൽ സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നത്. ഇതോടെ വിളകൾ കർഷകർക്ക് നേരിട്ട് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കഴിയുമെന്ന സ്ഥിതിവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റായ്ചൂർ ജില്ലയിലെ സിന്ധൂർ താലൂക്കിലെ നെൽകർഷകരുടെ കൂട്ടായ്മയായ സ്വസ്ഥ്യ ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുമായി റിലയൻസ് കരാറിലേർപ്പെട്ടത്.