കോഴിക്കോട്: വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് അലക്ഷ്യമായി വസ്ത്രം മാറിയതായിരുന്നു വിമുക്തഭടൻ പ്രേമചന്ദ്രൻ. അയൽവാസി സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പിൻഭാഗം പതിഞ്ഞു. 12കാരൻ മകനു മുന്നിൽ പ്രേമചന്ദ്രൻ നഗ്നത പ്രദർശിപ്പിച്ചെന്നായി അയൽവാസി. പോക്സോ കേസായി. അഞ്ചു ദിവസം ജയിലിൽ കിടന്നു. ഇപ്പോൾ അയൽവാസിയിൽ നിന്ന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ് പ്രേമചന്ദ്രൻ.
കോഴിക്കോട് സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസ് പരിധിയിലെ തൃക്കൈപറമ്പത്ത് ഹൗസിൽ കെ.എൻ. പ്രേമചന്ദ്രനും അയൽവാസിയും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു. രണ്ടര സെന്റിൽ പണിത വീടിന്റെ തൊട്ടടുത്ത് പുതിയ താമസക്കാർ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കോർപ്പറേഷൻ ഓഫീസിലും മറ്റിടങ്ങളിലുമെല്ലാമെത്തി പരാതികൾ. ഇരു വീടുകളും തമ്മിലുള്ള അകലം ആറടി മാത്രം.
തർക്കം മുറുകിയതോടെ പ്രേമചന്ദ്രന്റെ വീടിന്റെ വരാന്ത, ലിവിംഗ് റൂം, കിടപ്പുമുറി, അലക്ക് കല്ലുള്ള പിൻമുറ്റം, മുകൾനിലയിലെ ബാൽക്കണി എന്നീ ഭാഗങ്ങളും മുറ്റവുമൊക്കെ പതിയുന്ന രീതിയിൽ അയൽവാസി ഏഴു സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പ്രേമചന്ദ്രന്റെ 15 വയസുള്ള മകൾ ഉൾപ്പെടെയുള്ളവർ കാമറക്കണ്ണുകളുടെ തുറിച്ചുനോട്ടത്തിൽ വിഷമത്തിലുമായി.
ഇതിനിടയിലാണ് പോക്സോ കേസിന്റെ വരവ്. ഡിസംബർ 26നാണ് പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രിസ്മസ് അവധി കാരണം ജാമ്യപേക്ഷ പോക്സോ അഡിഷണൽ സെഷൻസ് കോടതി പരിഗണിച്ചത് ജനുവരി ഒന്നിന്. അന്ന് തന്നെ ജാമ്യം അനുവദിച്ചു.
കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതിന് നഷ്ടപരിഹാരം വേണമെന്നാണ് പ്രേമചന്ദ്രന്റെ ആവശ്യം. തങ്ങളുടെ സ്വകാര്യത കൂടി പകർത്തുന്ന സി സി ടി വി കാമറകൾ ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
ഐ.പി.സി 354 (സി) പ്രകാരം മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്നതും സ്വമേധയാ പൊലീസിന് കേസെടുക്കാവുന്നതുമായ കുറ്റമാണിതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി നിയമം 66 ഇ വകുപ്പ് പ്രകാരം മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കാം.