SignIn
Kerala Kaumudi Online
Sunday, 28 February 2021 4.21 PM IST

'മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാൻ സാദ്ധ്യതയുള്ള ചിത്രത്തിന് വേണ്ടിയെങ്കിലും ഇളവുകള്‍ അനുവദിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം'; ദിലീപിനും ആന്റണി പെരുമ്പാവൂരിനും എതിരെയുള്ള കുറ്റപ്പെടുത്തൽ അനാവശ്യമെന്ന് നിർമാതാവ്

dileep-antony

വിജയ് ചിത്രമായ 'മാസ്റ്ററി'ന്റെ റിലീസ് വിഷയവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഉണ്ടാകുന്ന വിമർശനം അനാവശ്യവും ഒഴിവാക്കേണ്ടതുമാണെന്ന് നിർമാതാവും വിതരണക്കാരനുമായ റാഫി മതിര. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിജയ് ചിത്രത്തിന്റെ റിലീസ് വിഷയവുമായി ബന്ധപ്പെട്ടുള്ള ദിലീപും ആന്റണിയും നടത്തിയതെന്ന് പറയപ്പെടുന്ന പരാമർശങ്ങൾ കിംവദന്തികളാണെന്നും സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോള്‍ വിഷമമുണ്ടെന്നും നിർമാതാവ് പറയുന്നു. തീയറ്ററുകൾ തുറക്കുമെന്നും 'മാസ്റ്റർ' കേരളത്തിൽ മികച്ച പ്രകടനം നടത്തുമെന്നും പറഞ്ഞുകൊണ്ടാണ് റാഫി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'മുഖ്യമന്ത്രി No. വൺ !! വിജയ്‌ ചിത്രം മാസ്റ്റര്‍ 13-ന്!!

കോവിഡ്-19 പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി അടച്ചിട്ട തീയറ്ററുകൾ ജനുവരി 5-മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാല്‍ വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഉള്‍പ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമര്‍ശിക്കാതെയായിരുന്നു ഈ അറിയിപ്പ്.

തീയറ്ററുകൾ തുറക്കാന്‍ അനുകൂല സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡന്‍റ് ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകള്‍ക്ക് വേണ്ടി നിവേദനം നല്‍കി, സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഫിയോക് പ്രതിനിധികളുൾപ്പടെ യുള്ളവരുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയില്‍ മുഖ്യമന്ത്രിയില്‍ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. 13-ന് വിജയ്‌ ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും.

വിജയ്‌ സിനിമയ്ക്കായി മാത്രം തീയറ്ററുകൾ തുറക്കേണ്ട എന്ന് നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയും ഫിയോക് ചെയര്‍മാനുമായ നടന്‍ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്റ് ആന്റണി പെരുമ്പാവൂര്‍ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികള്‍ ചില ഭാഗത്ത്‌ നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോള്‍ വിഷമമുണ്ട്.

കേരളത്തില്‍ ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടി ഞാന്‍ അവതരിപ്പിച്ച ദളപതി വിജയ്‌ യുടെ “ഭൈരവ” റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ്‌ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ തരില്ല എന്ന് തീര്‍ത്തു പറയുകയും സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നില്‍ക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റര്‍ ഫെഡറെഷന്‍ മുതലാളി ഈ പ്രചരണത്തിന് പിന്നില്‍ ചുക്കാന്‍ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.

“ഭൈരവ” പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താല്‍ പുതിയ തിയേറ്റര്‍ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകന്‍ ദിലീപിനോട് തീര്‍ത്താല്‍ തീരാത്ത പക വച്ച് പുലര്‍ത്താതിരിക്കാന്‍ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.

അന്നത്തെ സംഭവങ്ങള്‍ നമ്മള്‍ ഓരോരുത്തരും ഓര്‍ത്തെടുത്താല്‍, വിജയ്‌ ആരാധകര്‍ക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും.

തിയേറ്ററുകള്‍ തുറക്കുന്നതോടെ റിലീസിന് കാത്തു നില്‍ക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വൺ ഉള്‍പ്പടെ നിരവധി മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. വൺ - ല്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാന്‍ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോള്‍ ഇളവുകള്‍ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഊഹാപോഹങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതില്‍ സംശയിക്കേണ്ട.

തിയേറ്ററുകള്‍ തുറക്കും. മാസ്റ്റര്‍ കേരളത്തില്‍ വമ്പന്‍ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കല്‍ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.

-റാഫി മതിര.'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DILEEP, ANTONY PERUMBAVOOR, MASTER, VIJAY, KERALA, PINARAYI VIJAYAN, CINEMA, THEATER REOPENING
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.